മാലിന്യശേഖരണത്തിൽ 
റെക്കോഡ്‌ കുതിപ്പ്‌ ; കഴിഞ്ഞ വർഷത്തേക്കാൾ 8984 ടണ്ണിന്റെ വർധന

Waste Management
വെബ് ഡെസ്ക്

Published on Oct 06, 2025, 03:38 AM | 1 min read


തിരുവനന്തപുരം

സാമ്പത്തികവർഷം പകുതി പിന്നിട്ടപ്പോൾ മാലിന്യശേഖരണത്തിൽ റെക്കോഡ്‌ കുതിപ്പ്‌. സെപ്‌തംബർ വരെയുള്ള കണക്കനുസരിച്ച്‌ ക്ലീൻ കേരള കമ്പനി 34,628.51 ടൺ മാലിന്യമാണ്‌ ശേഖരിച്ചത്‌. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ (25,644.29 ടൺ) 8,984 ടണ്ണിന്റെ വർധന. 2024–- 25 സാമ്പത്തിക വർഷം 61,664 ടൺ മാലിന്യമാണ്‌ ശേഖരിച്ചത്‌. ഇത്‌ സർവകാല റെക്കോഡ്‌ ആയിരുന്നു. ഇ‍ൗ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ മാലിന്യശേഖരണം 70,000 ടൺ പിന്നിടുമെന്നാണ്‌ കണക്കാക്കുന്നത്‌. 2023–-24ൽ 47,548 ടൺ മാലിന്യം ശേഖരിച്ചു. 2022–-23ൽ 30,444 ടൺ ആയിരുന്നു.


എഴുപത്‌ ശതമാനം തദ്ദേശസ്ഥാപനങ്ങളുമായി മാലിന്യനീക്കത്തിന്‌ ക്ലീൻ കേരള കമ്പനി കരാറിലായിട്ടുണ്ട്‌. ഹരിതകർമസേന വഴിയാണ്‌ പാഴ്‌വസ്‌തു ശേഖരണം. മാലിന്യം മൂല്യവത്താക്കി കിട്ടുന്ന തുക ഹരിതകർമസേനയ്‌ക്ക്‌ തന്നെ കൈമാറുന്നു. മാലിന്യനീക്കത്തിന്‌ പൊതു– സ്വകാര്യ പങ്കാളിത്തത്തിൽ 54ലധികം ഏജൻസിയുമായും കമ്പനി സഹകരിക്കുന്നു. പുനഃചംക്രമണ സാധ്യതയുള്ള പാഴ്‌വസ്‌തുക്കൾ അതിനായി കൈമാറുന്നു. അല്ലാത്തവ സംസ്ഥാനത്തിനു പുറത്തുള്ള സിമന്റ് ഫാക്ടറികൾക്ക്‌ നൽകുന്നു.


കേരളത്തെ സമ്പൂർണ മാലിന്യമുക്‌തമാക്കാനായി, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ ശക്‌തമാക്കിയതും മാലിന്യസംസ്‌കരണത്തിന്‌ കൂടുതൽ സ‍ൗകര്യങ്ങൾ ഒരുക്കിയതുമാണ്‌ മാലിന്യശേഖരണത്തിന്റെ തോത്‌ ഉയർത്തിയത്‌. മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നതിനൊപ്പം മുഴുവൻ മാലിന്യവും ശാസ്‌ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനവും ഉറപ്പാക്കി.


waste



deshabhimani section

Related News

View More
0 comments
Sort by

Home