print edition മാലിന്യം വലിച്ചെറിയൽ: ഒമ്പതുമാസത്തിനുള്ളിൽ പിഴയായി 22 കോടി രൂപ

waste
avatar
സ്വന്തം ലേഖിക

Published on Oct 18, 2025, 12:06 AM | 1 min read

കൊച്ചി: മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് ഒന്പതുമാസത്തിനിടെ 22 കോടി രൂപ പിഴയായി ഈടാക്കിയതായി സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ കണക്ക് അറിയിച്ചത്. ഈ തുകയിൽ ഒരു ഭാഗമെടുത്ത് ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിലും തിയറ്ററുകളിലും ബോധവൽക്കരണ റീലുകൾ ഇറക്കണമെന്ന് ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.


റീലുകളിലൂടെ പുതുതലമുറയിലേക്കും ഈ സന്ദേശമെത്തും. പുകയിലയ്ക്കെതിരായ പരസ്യങ്ങൾ ഏറെ ഫലപ്രദമായിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല സീസണിൽ പമ്പാനദിയുടെ ശുചീകരണത്തിൽ ജാഗ്രതവേണമെന്ന് കോടതി നിർദേശിച്ചു. നദിയിലൂടെ മാലിന്യം ഒഴുകുന്നത് തടയാൻ ബാരിക്കേഡുകൾ വയ്ക്കണം. ആറന്മുളയിലും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്നുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാർ, വാഗമൺ, വയനാട് തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലടക്കം മാലിന്യപ്രശ്നം തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. പ്ലാസ്റ്റിക് നിരോധനമുണ്ടെങ്കിലും സ്ഥിതി വ്യത്യസ്‌തമല്ല. ഹൈക്കോടതി പരിസരത്തെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നും ഇതിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഹർജി നവംബർ 14ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home