print edition ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ്; എൻഎച്ച്‌എം ഫണ്ടിൽ പിടിമുറുക്കാൻ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനങ്ങൾക്കുള്ള എൻഎച്ച്എം (ദേശീയ ആരോഗ്യ മിഷൻ) ഫണ്ടിൽ പിടിമുറുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജീവനക്കാരെ വെട്ടിച്ചുരുക്കുമെന്നും ശമ്പളം കുറയ്ക്കുമെന്നും മുന്നറിയിപ്പുനൽകി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി എൻഎച്ച്‌എം മിഷൻ സെക്രട്ടറി ആരാധന പട്‌നായിക് ആണ് കഴിഞ്ഞ ദിവസം കത്തയച്ചത്.
നിലവിൽ സംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്ന പല പദ്ധതികളും വെട്ടിച്ചുരുക്കും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും സ്റ്റാഫുകളെ നിയമിക്കുന്നതിനും പുതിയ മാതൃക സ്വീകരിക്കാനും നിർദേശമുണ്ട്. സംസ്ഥാന – ജില്ലാ തലങ്ങളിലെ പദ്ധതികൾ ചിതറിക്കിടക്കുന്നത്, അനാവശ്യമായ ചെലവുകൾക്ക് കാരണമാകുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിനെ മറികടക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്വീകരിക്കേണ്ട പുതിയ മാതൃകാ ഘടനയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സംസ്ഥാന ബജറ്റിൽനിന്ന് നൽകണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഫണ്ടിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതോടെ വിവിധ പദ്ധതികളും താളംതെറ്റും.
കഴിഞ്ഞ കാലങ്ങളിലായി ബിജെപി ഇതര സർക്കാരുകളെ ഫണ്ട് നൽകാതെ വലിഞ്ഞുമുറുക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആരോഗ്യ പരിപാലനത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഉൾപ്പെടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന പുതിയ നീക്കം ആരോഗ്യ സംവിധാനത്തിനെ താളംതെറ്റിക്കും. മിക്ക സംസ്ഥാനങ്ങളിലും എൻഎച്ച്എം ഫണ്ടിന്റെ പകുതിയിലധികം തുക ജീവനക്കാരുടെ ശമ്പളത്തിനായി ചിലവഴിക്കുന്നു എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇത് മറ്റ് ആരോഗ്യപരിപാടികൾക്ക് തുക ലഭ്യമല്ലാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. അതിനാൽ ശമ്പള ചെലവ് ആകെ ഫണ്ടിന്റെ പകുതിയിൽ താഴെയായി നിജപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. വിവിധ പദ്ധതികൾക്കായി വെവ്വേറെ ജീവനക്കാരെ നിയമിക്കുന്നതിന് പകരം, ഒരേ സ്വഭാവമുള്ള ജോലികൾക്കായി ജീവനക്കാരെ പൊതുവായി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.










0 comments