ജമാഅത്തെ ഇസ്ലാമിയെ തള്ളി ലീഗും ; ‘വഖഫ് സമരത്തിൽ ബ്രദർ ഹുഡ് നേതാക്കൾ’

കോഴിക്കോട് : വഖഫ് സംരക്ഷണ റാലിയിൽ ഈജിപ്‌തിലെ ബ്രദർ ഹുഡ് നേതാക്കളുടെ ചിത്രം ഉയർത്തിയ ജമാഅത്തെ ഇസ്ലാമിയെ തള്ളി മുസ്ലിംലീഗും. ബ്രദർ ഹുഡ് നേതാക്കളുടെ ചിത്രം ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വഖഫ് സമരത്തിന് മതേതര സമൂഹത്തിന്റെ പിന്തുണയുണ്ട്. അതിനാലാണ് പാർലമെന്റിൽ ശക്തമായ സംവാദം നടന്നത്. ആ ബോധം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകണം. എന്നാൽ ഓരോ സംഘടനകളും അവരുടേതായ രീതിയിലാണ് പ്രക്ഷോഭം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ റാലിയിലാണ് മതരാഷ്‌ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകൾ ബ്രദർ ഹുഡ് നേതാക്കളായ ഹസനുൽ ബന്നയുടെയും സെയ്‌ദ് ഖുത്വുബിന്റെയും ചിത്രം ഉപയോഗിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാർഥി സംഘടനകളായ സോളിഡാരിറ്റിയും എസ്‌ഐഒയുമാണ് ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചത്.
ജമാഅത്തെ നടപടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ എ പി വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയെ തള്ളി മുസ്ലിംലീഗും രംഗത്തെത്തിയത്.









0 comments