വഖഫ്: ബിജെപിക്ക് സർക്കാർ പിന്തുണ; കടുത്ത വഞ്ചന: സിപിഐ എം

തിരുവനന്തപുരം
: ബിജെപിയുടെ വര്‍ഗീയ അജൻഡയ്‌ക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ച യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ സമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണെന്ന് സിപിഐ എം. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ലീഗിനെ പിന്തുണയ്‌ക്കുന്ന സാമുദായിക സംഘടനകളും ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ ചോദിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
അധികാരത്തിലെത്തിയപ്പോള്‍ ബിജെപി അനുകൂല നിലപാടിലേക്ക് യുഡിഎഫ് എത്തി.
ഹര്‍ജിയോട് സര്‍ക്കാര്‍ യോജിക്കുന്നോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ‘സര്‍വാത്മനാ പിന്തുണയ്‌ക്കുന്നു’ എന്നാണ് എജിയുടെ മറുപടി. പൗരരുടെ ഭരണഘടനാ അവകാശങ്ങളെ തള്ളിയുള്ള വഖഫ് നിയമഭേദഗതിക്ക് എതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാഴ്‌ചക്കാരനായി. പ്രിയങ്ക ഗാന്ധി ഹാജരായില്ല. നിയമഭേദഗതി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുമെന്ന് സിപിഐ എം എംപിമാര്‍ പറഞ്ഞു. മധുരയില്‍ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ സിപിഐ എം എംപിമാർ അടിയന്തരമായി പാര്‍ലമെന്റിലെത്തിയാണ് നിയമഭേദഗതിക്കെതിരെ സംസാരിച്ചത്.
‘ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്' ഭേദഗതി എന്ന പച്ചക്കള്ളമാണ് ബിജെപി പ്രചരിപ്പിച്ചത്. മധ്യപ്രദേശില്‍ ബിജെപി നേതാവും മന്ത്രിയുമായ സന്‍വാര്‍ പട്ടേലിനെ ചെയര്‍മാനാക്കി ബോര്‍ഡ് പുനഃസംഘടിപ്പിച്ചതോടെ, നിയമഭേദഗതി എന്തിനെന്ന് വ്യക്തമായി.
ഈ യാഥാര്‍ഥ്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് ബിജെപിക്ക് സർക്കാർ വഴങ്ങിയത്.സംഘപരിവാര്‍ നിര്‍ദേശിക്കുന്ന ആളുകളെയാണോ ബോര്‍ഡില്‍ നിയമിക്കുക എന്നാണ് ഇനിയറിയേണ്ടത്. ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവരെ വിസിമാരും സിന്‍ഡിക്കറ്റംഗങ്ങളുമാക്കുന്നു. പിഎം ശ്രീയിലും ബിജെപിക്ക് വഴങ്ങുന്നു. ദേവസ്വംകേസുകള്‍ കൈകാര്യംചെയ്യാൻ ആര്‍എസ്എസുകാരനെ പ്ലീഡറാക്കുന്നു. മറ്റ് നിയമകാര്യ തസ്‌തികകളിലും ബിജെപിക്കാര്‍ക്ക് അവസരം നല്‍കുന്നു. ‘കേരളം ഭരിക്കുന്നത് ബിജെപിയാണോ' എന്ന എഐസിസി നേതാവിന്റെ ചോദ്യം അന്വര്‍ഥമാക്കുകയാണ് യുഡിഎഫ് സര്‍ക്കാർ –പ്രസ്‌താവനയില്‍ പറഞ്ഞു.











0 comments