മന്ത്രി ലിജുവിന്റെ ക്ഷേത്രസന്ദർശനം: അകമ്പടിയേകി വസ്തുതട്ടിപ്പ് കേസ് പ്രതി

തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രദർശനത്തിന് എത്തിയ എക്‌സൈസ് മന്ത്രി എം ലിജുവിന് അകമ്പടിയേകിയതും എല്ലാ സൗകര്യങ്ങളും ഒരുക്കിയതും തട്ടിപ്പുകേസിലെ പ്രതി. പത്ത് കോടി രൂപയുടെ വീടും വസ്തുവും തട്ടിയ കേസിലെ ഒന്നാം പ്രതിയും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിയെ വരവേറ്റതും ക്ഷേത്രദർശനത്തിനടക്കം സൗകര്യമൊരുക്കിയതും. വ്യാഴം രാവിലെ 8.30നാണ് മന്ത്രി ക്ഷേത്രദർശനത്തിന് എത്തിയത്. മണിക്കൂറുകൾക്കു മുമ്പേ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി അനന്തപുരി മണികണ്ഠനുമുണ്ടായിരുന്നു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സിന്റെ വീടും 14 സെന്റ് വസ്തുവുമാണ് അനന്തപുരി മണികണ്ഠൻ കഴിഞ്ഞ ജനുവരിയിൽ തട്ടിയെടുത്തത്. കോൺഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യവസായി അനിൽ തമ്പിയുമായി ചേർന്നാണ് ആധാരം എഴുത്തുകാരൻകൂടിയായ അനന്തപുരി മണികണ്ഠൻ തട്ടിപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. കേസിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന മണികണ്ഠനെ ഡിസിസി പ്രസിഡന്റ് എൻ ശക്തൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് രഹസ്യമായി തിരിച്ചെടുത്തിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.











0 comments