print edition കുട്ടിക്കൗതുകങ്ങള്‍ക്ക് ഉത്തരമേകി ‘വാക് വിത്ത് സയന്റിസ്റ്റ്'

കൊച്ചി
‘ഗവേഷണത്തിനായി മാസങ്ങളോളം കടലിലും ധ്രുവപ്രദേശങ്ങളിലും കഴിയുമ്പോൾ സാറിന് ബോറടിക്കില്ലേ’– ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്തിനോടാണ് കൊച്ചുമിടുക്കന്റെ ചോദ്യം. "തീർച്ചയായും ബോറടിക്കും, ഒരേ കാഴ്ചകളും ശബ്ദങ്ങളും മടുപ്പിക്കും’ എന്ന് തുറന്ന മറുപടി. കുട്ടികളുടെ കൗതുകവും ജിജ്ഞാസയും നിറഞ്ഞ ചോദ്യങ്ങളും അവയ്ക്ക് ചിന്തിപ്പിക്കുന്ന ഉത്തരങ്ങളുമായി ശാസ്‌ത്ര കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വാക് വിത്ത് സയന്റിസ്റ്റ്’ വ്യത്യസ്‌ത അധ്യായമായി. എറണാകുളം സുഭാഷ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ശാസ്ത്രജ്ഞരും സ്കൂൾ വിദ്യാർഥികളും ‘തുറന്നു സംസാരിച്ചപ്പോൾ’ അത് അറിവിന്റെയും കൗതുകത്തിന്റെയും പുത്തൻ അനുഭവമായി.
ഒമ്പതാംക്ലാസില്‍ പഠിക്കാനുള്ള, ‘ഇന്ത്യയുടെ ഫ്രോഗ് മാൻ' എന്നറിയപ്പെടുന്ന പ്രൊഫ. സത്യഭാമദാസ് ബിജുവിനെ നേരിട്ടുകണ്ടതിലുള്ള സന്തോഷവും കുട്ടികൾ പങ്കുവച്ചു.
ഓരോ ശാസ്‌ത്രജ്ഞർക്കൊപ്പവും ആറുപേരടങ്ങുന്ന വിദ്യാർഥിസംഘം ചോദ്യങ്ങളുമായി കൂടെക്കൂടി. എറണാകുളത്തെ വിവിധ വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. ആലുവയിലെ സ്കൂൾ ഫോർ ബ്ലൈൻഡിൽനിന്നുള്ള കാഴ്ചപരിമിതിയുള്ള കുട്ടികളും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി ടി അരവിന്ദകുമാര്‍, പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. ജി എം നായര്‍, എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല മുന്‍ വിസി പ്രൊഫ. എം എസ് രാജശ്രീ, ബംഗളൂരുവിലെ ജവാഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ പ്രൊഫ. ഹേമലത ബല്‍റാം, തിരുവനന്തപുരം ഐസറിലെ പ്രൊഫ. നിഷാന എന്നിവരും പങ്കെടുത്തു.










0 comments