ad
Deshabhimani

"​അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കണ്ടില്ല"; ആന്തരികാവയവങ്ങളിൽ ആഴത്തിൽ മുറിവ്

walayar mob lynching

മർദ്ദനത്തിന്റെ വിഡിയോ ദൃശ്യത്തിൽനിന്നും (ഇടത്), ​മർദ്ദനമേറ്റ് അവശനായി കിടക്കുന്ന രാമനാരായണ ഭയ്യാൽ (വലത്)

വെബ് ഡെസ്ക്

Published on Dec 20, 2025, 08:50 AM | 3 min read

വാളയാർ: വാളയാർ അട്ടപ്പള്ളത്ത് ബിജെപി പ്രവർത്തകരുടെ ഉൾപ്പെടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാൽ നേരിട്ടത് ക്രൂരമർദനം. ആന്തരികാവയവങ്ങളിലേറ്റ ആഴത്തിലുള്ള മുറിവുകളാണ്‌ മരണകാരണമെന്ന്‌ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി വാളയാർ പൊലീസ് പറഞ്ഞു. ഇരുപതിലേറെ ഭാഗങ്ങളിൽ അടിയേറ്റിട്ടുണ്ട്‌. പൂർണ റിപ്പോർട്ട് രണ്ടുദിവസത്തിനകം ലഭിക്കും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.


രാമനാരായൺ ഭയ്യാലിൻ്റെ ശരീരത്ത് അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കാണാനായില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ മേധാവി ഡോ ഹിതേഷ് ശങ്കർ പറഞ്ഞു. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും മർദ്ദിച്ച അടയാളമുണ്ട്. കൂട്ടമർദ്ദനം അത്രയേറെ ക്രൂരമായിരുവെന്നും ഒരാളെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.


കൂടുതൽ പ്രതികളുണ്ടെന്ന് സംശയം; സിസിടിവി പരിശോധിക്കും


രാമനാരായണൻ ഭയ്യാലിന്റെ കൊലപാതകത്തിൽ നാല്‌ ആർഎസ്എസ് – ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേ അട്ടപ്പള്ളം സ്വദേശി അനന്തൻ(55), ബിജെപി, ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവരെയാണ് വ്യാഴം അർധരാത്രി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.


​ബുധൻ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായണൻ ഭയ്യാറിനെ (31) ആൾക്കൂട്ടം ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാർ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധൻ രാത്രി മരിച്ചു. ഒരു മാസംമുൻപ് കഞ്ചിക്കോട് കിൻഫ്ര പാർക്കിനുസമീപം ജോലിക്കെത്തിയതാണ്‌ ഭയ്യാർ. ഇയാളുടെ പോക്കറ്റിൽനിന്ന്‌ ലഭിച്ച ഫോൺ നമ്പറിലൂടെ ബന്ധുക്കളെ വിവരമറിയിച്ചു.


മർദിച്ചത് ബംഗ്ലാദേശിയെന്നാരോപിച്ച്


‘ബംഗ്ലാദേശ് പൗരൻ അല്ലേ’ എന്ന് ആക്രോശിച്ചാണ്‌ ബിജെപി പ്രവർത്തകർ രാമനാരായൺ ഭയ്യാലിനെ മർദ്ദിച്ചത്‌. ഇത്‌ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. "ബെഹനെ’ ( സഹോദരി) തേടിയെത്തിയതാണെന്ന്‌ ഭയ്യാൽ പറയുമ്പോൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി വന്നതല്ലേ എന്ന് ചോദിച്ചാണ് ബിജെപി പ്രവർത്തകർ ഇയാളുടെ മുഖത്തും തലയിലും ആഞ്ഞടിക്കുന്നത്.


കൂടുതൽ വീഡിയോകൾ കണ്ടെത്തി


ആൾക്കൂട്ടം അതിഥിത്തൊഴിലാളിയെ മർദിക്കുന്നതിന്റെ കൂടുതൽ വീഡിയോകൾ പൊലീസ് കണ്ടെത്തി. ആളുകൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതുമായ ദൃശ്യങ്ങളാണിവ. മർദിക്കുമ്പോൾ ഇരുപതോളം പേർ ഇയാൾക്ക് ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമാണെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും വയറ്റിലും ചവിട്ടുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്‌റ്റിലാകും.


അട്ടപ്പാടിയിൽ മധുവിനുനേരെയുണ്ടായതിന്‌ സമാനമായ ആൾക്കൂട്ട വിചാരണയും മർദനവും രാമനാരായൺ ഭയ്യാർ അനുഭവിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമിക്കുന്ന വീഡിയോയും മധുവിന്റെ കേസിലേതുപോലെ മർദിച്ചവർ തന്നെയാണ് പ്രചരിപ്പിച്ചത്. അതിനാൽ ഈ വീഡിയോകൾ കേസിൽ പൊലീസിന് പ്രധാന തെളിവായി മാറി.


ബിജെപിക്കാർ നിരവധി കേസുകളിലെ പ്രതികൾ


അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ബിജെപി പ്രവർത്തകരിൽ രണ്ടുപേർ മുൻപും നിരവധി കേസുകളിൽ പ്രതികളായവർ. മുരളി, അനു എന്നിവർ 15 വർഷംമുമ്പ്‌ അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളി സ്റ്റീഫൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ വിനോദ് എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുന്നു. കൂടാതെ നിരവധി അടിപിടിക്കേസുകളും ഇവരുടെ പേരിലുണ്ട്‌. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതിയും ബിജെപിക്കാരനുമായ എടുപ്പുകുളം പികെ ചള്ള സ്വദേശി ആർ ജിനീഷ്‌ (കണ്ണൻ) കാണാനെത്തി.


കോൺഗ്രസും ബിജെപിയും പ്രതികളെ സംരക്ഷിക്കുന്നു

​അതിഥിത്തൊഴിലാളിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ സംരക്ഷിക്കാൻ കോൺഗ്രസ് മുൻ വനിത പഞ്ചായത്ത് അംഗവും ബിജെപി പ്രാദേശിക നേതൃത്വവും ശ്രമിക്കുകയാണെന്നും സിപിഐ എം പുതുശേരി ഏരിയ കമ്മിറ്റി. അറസ്റ്റിലായവർ മുൻപ് സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ്. ബംഗ്ലാദേശുകാരനല്ലേ എന്ന് ചോദ്യംചെയ്ത് ഇവർ മർദിച്ചത് വീഡിയോയിൽ പ്രകടമാണ്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം. നിഷ്ഠുര സംഭവത്തെ അപലപിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം: ഡിവൈഎഫ്ഐ


വാളയാർ അട്ടപ്പള്ളത്ത് ജാർഖണ്ഡ് സ്വദേശി റാം നാരായണനെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണ്. തൊഴിലിനായി നാലുദിവസംമുമ്പ്‌ വാളയാറിൽ എത്തിയതാണ് രാം നാരായണൻ. ഭാര്യ മരിച്ചതിനെ തുടർന്ന് മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഇദ്ദേഹത്തെ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികൾ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകരാണ്.


കേരളം പോലെ അതിഥി തൊഴിലാളികളെ കരുതലോടെ കാണുന്ന ഒരു സംസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്ത ക്രൂരകൃത്യമാണ് നടന്നത്. ശക്തമായ പ്രതിഷേധം ഉയരണം. റാം നാരായണന്റ കുടുംബത്തിന് സർക്കാർ സഹായങ്ങൾ നൽകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home