print edition വാളയാറിലെ ആൾക്കൂട്ടക്കൊല ; മൃതദേഹത്തിനുമുന്നിൽ വിങ്ങിപ്പൊട്ടി ഭാര്യയും മക്കളും

രാംനാരായണിന്റെ മൃതദേഹം തിരിച്ചറിഞ്ഞ ഭാര്യ ലളിത ഇളയ മകൻ അനൂജിനെ കെട്ടിപ്പിടിച്ച് കരയുന്നു. ലളിതയുടെ'അമ്മ ലക്ഷ്മി ഭായ് സമീപം / ഫോട്ടോ: എം എ ശിവപ്രസാദ്
വടക്കാഞ്ചേരി
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥിത്തൊഴിലാളിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഛത്തീസ്ഗഡ്, ബിലാസ്‌പുർ ശക്തി ഗർഫി സ്വദേശി രാം നാരായൺ ഭയ്യാലി (31) ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തൊഴിൽതേടി വീട്ടിൽനിന്ന് പോന്ന യുവാവിന്റെ ചേതനയറ്റ ശരീരം മോർച്ചറിയിൽ കിടക്കുന്നത് കണ്ടതോടെ ഭാര്യയും മക്കളും പൊട്ടിക്കരഞ്ഞു. ബുധനാഴ്‌ചയാണ് ബംഗ്ലാദേശ് പൗരനെന്ന് ആക്രോശിച്ച് ബിജെപിക്കാരടങ്ങുന്ന സംഘം ഭയ്യാലിനെ കൊലപ്പെടുത്തിയത്.
പോസ്റ്റുമോർട്ടത്തിനുശേഷം തൃശൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. രാം നാരായണിന്റെ ഭാര്യ ലളിത മക്കളായ ആകാശ് (10), അനൂജ് (എട്ട്), ഭാര്യാമാതാവ് ലക്ഷ്മി ഭായ്, ബന്ധുക്കളായ രഘുറാം, ശശികാന്ത് എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഭാര്യയോടും മക്കളോടും യാത്രപറഞ്ഞ്, കളിയും ചിരിയുമായാണ് രാംനാരായൺ വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദരിദ്രകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാം നാരായൺ. 12 നാണ് കെട്ടിടനിർമാണ പണിക്കായി വാളയാറിലെത്തിയത്.
ആൾക്കൂട്ട ആക്രമണ കൊലപാതകക്കുറ്റം ചുമത്തിയും എസ്-സി -എസ്ടി സംരംക്ഷണ നിയമപ്രകാരവും കേസെടുക്കണമെന്നും 25 ലക്ഷം നഷ്ടപരിഹാരമുൾപ്പെടെ കുടുംബത്തിന് അനുവദിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കലക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെത്തി ഉറപ്പുനൽകിയില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ അറിയിച്ചു.










0 comments