print edition വാളയാർ ആൾക്കൂട്ട കൊലപാതകം ; ആർഎസ്‌എസ് പങ്ക് വ്യക്തം

ആൾക്കൂട്ട കൊലപാതക കേസിൽ അറ്സ്‌റ്റിലായ ഷാജി (ഇടത്) ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനൊപ്പം. സമീപം സുബൈർ വധക്കേസിലെ പ്രതി മനു
പാലക്കാട്
വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം മർദിച്ചുകൊന്നതിൽ ആർഎസ്‌എസ് പങ്ക് കൂടുതൽ വെളിപ്പെടുന്നു. കേസിൽ ആർഎസ്‌എസിനോ ബിജെപിക്കോ ബന്ധമില്ലെന്നാണ് ജില്ലാ നേതൃത്വം തുടക്കംമുതൽ ആവർത്തിക്കുന്നത്. എന്നാൽ, ഇതുവരെ പിടിയിലായ ഏഴുപ്രതികളിൽ അഞ്ചുപേരും ആർഎസ്‌എസ്– ബിജെപി പ്രവർത്തകരാണ്. ഒടുവിൽ അറസ്‌റ്റിലായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഷാജി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു. ഇൗ ചിത്രത്തിൽ ഷാജിക്കൊപ്പം നിൽക്കുന്ന മറ്റൊരാൾ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മനുവാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുശേരി പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥികൾക്കായി പ്രവർത്തിച്ചയാളാണ് ഷാജി.
നേരത്തേ അറസ്‌റ്റിലായ എ അനു, സി പ്രസാദ്, സി മുരളി, കെ ബിബിൻ എന്നിവർ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുന്ന പ്രൊഫൈൽ ചിത്രങ്ങളും ബിജെപി ബന്ധം വ്യക്തമാക്കുന്നവയാണ്.
പ്രതികളുടെ ആർഎസ്‌എസ്– ബിജെപി ബന്ധം വ്യക്തമായിട്ടും സമ്മതിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല. ഇപ്പോൾ സി കൃഷ്‌ണകുമാറുമായി നിൽക്കുന്ന മറ്റൊരു പ്രതിയുടെ ചിത്രം പുറത്തുവന്നതോടെ ബിജെപിക്ക് പ്രതികരണമില്ലാതായി.
വ്യവസായ മേഖലയിൽ വിദ്വേഷം പ്രചരിപ്പിക്കാനും അതുവഴി അതിഥിത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികൾ ബിജെപി– ആർഎസ്‌എസ് പ്രവർത്തകരാണെന്ന് ഉറപ്പായിട്ടും അവരുടെ പങ്ക് പുറത്തുപറയാൻ കോൺഗ്രസും തയ്യാറായിട്ടില്ല. സംഭവത്തിൽ ആർഎസ്‌എസിന്റെ പങ്കിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പാലക്കാട് ഡിസിസിയും ഇക്കാര്യത്തിൽ ബിജെപിയെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്.
ഒരു ബിജെപി പ്രവർത്തകൻകൂടി അറസ്റ്റിൽ
അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട കേസിൽ ഒരു ബിജെപി പ്രവർത്തകൻകൂടി അറസ്‌റ്റിൽ. ഒളിവിലായിരുന്ന കിഴക്കേ അട്ടപ്പള്ളം സ്വദേശി ഷാജിയെ (38)യാണ് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അനന്തൻ, വിനോദ്കുമാർ, ജഗദീഷ്‌കുമാർ, ബിജെപി പ്രവർത്തകരായ എ അനു, സി പ്രസാദ്, സി മുരളി, കെ ബിബിൻ എന്നിവരാണ് നേരത്തെ പിടിയിലായത്.
17ന് വൈകിട്ടാണ് അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേലിനെ ‘ബംഗ്ലാദേശി അല്ലേ’ എന്ന് ആക്രോശിച്ച് ആൾക്കൂട്ടം മർദിച്ചത്. അന്നുരാത്രിതന്നെ ജില്ലാ ആശുപത്രിയിൽ മരിച്ചു. അറസ്റ്റിലായവരിൽ മുരളി, അനു എന്നിവർ 15 വർഷംമുമ്പ് അട്ടപ്പള്ളത്ത് സിഐടിയു പ്രവർത്തകൻ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. കേസിൽ കൂടുതൽപേർ അറസ്‌റ്റിലാകുമെന്ന് അന്വേഷകസംഘത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം ഗോപകുമാർ പറഞ്ഞു.











0 comments