print edition അതിർത്തിയിൽ പരിശോധനയില്ല; വിപണിയിൽ സർവം മായം

പരിശോധനയില്ലാത്ത വാളയാർ ചെക്ക്പോസ്റ്റ്
വാളയാർ: ഓണവിപണി ലക്ഷ്യമിട്ട് മായം കലർന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നു. വാളയാർ അടക്കമുള്ള അതിർത്തി മേഖലകളിലെ പരിശോധന ഒഴിവാക്കിയതിന് പിന്നാലെ മായംകലർന്ന ഭക്ഷ്യവസ്‌തുക്കൾ കേരളത്തിലെ വിപണികളിൽ ഇടംപിടിക്കുകയാണ്. പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ്, പാൽ, മുളകുപൊടി തുടങ്ങിയവയിലാണ് കൂടുതൽ മായം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓണത്തിന് രണ്ടാഴ്ച മുന്പേ വാളയാറിൽ താൽക്കാലിക ലബോറട്ടറി സ്ഥാപിച്ച് പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചിരുന്നു. പാലിൽ ഫോർമാലിൻ, നൈട്രേറ്റ് തുടങ്ങിയവയുടെ സാന്നിധ്യവും കൊഴുപ്പിന്റെ അളവും പരിശോധിച്ചശേഷമാണ് കടത്തിവിട്ടിരുന്നത്.
ലേബൽ വിവരങ്ങൾ, നിർമാണ -കാലാവധി, ബാച്ച് നമ്പർ, ലൈസൻസ്, ഘടകങ്ങൾ തുടങ്ങിയവയും പരിശോധിച്ചു. ഇതുവഴി ലക്ഷക്കണക്കിന് ലിറ്റർ മായംകലർന്ന പാലും കിലോക്കണക്കിന് ഭക്ഷ്യവസ്‌തുക്കളും പിടികൂടിയിരുന്നു.
എന്നാൽ ഇത്തവണ ഒരു പരിശോധനയുമില്ലാതെയാണ് അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് കടന്നുവരുന്നത്. അതിർത്തിയിൽ അടിയന്തരമായി പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.










0 comments