വി ടി ബൽറാമിനെ പുറത്താക്കിയിട്ടില്ല; പാർടി നടപടിയുമില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാദങ്ങൾ തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബീഡി ബിഹാർ പോസ്‌റ്റ് വിവാദത്തിൽ കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ വിഭാഗം ചുമതലയിൽനിന്ന് വി ടി ബൽറാമിനെ പുറത്താക്കിയിട്ടില്ലെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. ബൽറാമിനെതിരെ പാർടി നടപടി എടുത്തിട്ടില്ല. കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിലേക്ക് പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർടി അനുഭാവികളായ പ്രൊഫഷണലുകളാണെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ പറയുന്നു.
വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റ് ബൽറാം ഇടപെട്ടാണ് നീക്കം ചെയ്തത്. പോസ്റ്റിന്റെ പേരിൽ ബൽറാമിനെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനും ശ്രമമെന്നും പ്രസ്താവനയിൽ പറയുന്നു. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ ഇപ്പോഴും തുടരുന്നുവെന്നും സണ്ണി ജോസഫ് കുറിച്ചു.
അതേസമയം, കേരളത്തിൽ കോൺഗ്രസിന് ഔദ്യോഗിക ഡിജിറ്റൽ മീഡിയ സംവിധാനമുള്ളതായി അറിവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ മറുപടി. ബൽറാമിനെ ഡിജിറ്റൽ മീഡിയ ചുമതലയിൽനിന്ന് നീക്കിയെന്നും കെപിസിസി അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഇല്ലാത്ത ഡിജിറ്റൽ മീഡിയ വിങ്ങിനെതിരെയാണോ നടപടിയെടുത്തതെന്ന ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ബൽറാം സ്ഥാനത്ത് തുടരുന്നെന്ന വിശദീകരണവുമായി സണ്ണി ജോസഫ് എത്തിയത്.
മുൻദിവസത്തെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലപാട് മാറ്റം സതീശന്റെ സമ്മർദത്തിന് പിന്നാലെയാണെന്നും റിപ്പോർട്ടുകളുണ്ട്.









0 comments