ad
Deshabhimani

print edition രാഹുലുമായി ക‍ൂടിക്കാഴ്‌ച: വി കെ ശ്രീകണ്‌ഠനെത്തിയത്‌ സതീശന്റെ ദൂതനായി

 vk sreekandan
avatar
ആർ രാജേഷ്‌

Published on Feb 28, 2026, 10:50 PM | 1 min read

പത്തനംതിട്ട: നിർബന്ധിച്ച്‌ ഭ്രൂണഹത്യചെയ്യാൻ പ്രേരിപ്പിച്ച ബലാത്സംഗക്കേസുകളിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായുള്ള പാലക്കാട്‌ എംപി വി കെ ശ്രീകണ്‌ഠന്റെ രഹസ്യകൂടിക്കാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും ഷാഫി പറന്പിലിന്റെയും അറിവോടെ. സതീശന്റെ പുതുയുഗയാത്രക്കിടയിൽ ശനി രാവിലെയാണ്‌ ജാഥയിലെ സ്ഥിരാംഗമായ ശ്രീകണ്ഠൻ അടൂർ പുതുശേരിഭാഗത്തെ ഹോട്ടലിൽ രാഹുലുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ചർച്ച 40 മിനിറ്റിലധികം നീണ്ടുനിന്നു. രാഹുലിനെ കോൺഗ്രസ്‌ കൈവിടില്ലെന്ന്‌ വീണ്ടും ഉറപ്പിക്കുകയാണ്‌ എംപിയുടെ കൂടിക്കാഴ്‌ച. രാഹുലിനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയതാണെന്നും ആ വ്യക്തിയുടെ നടപടികൾക്ക്‌ കോൺഗ്രസിന്‌ ഉത്തരവാദിത്തമില്ലെന്നുമുള്ള അവകാശവാദങ്ങൾ ഇതോടെ പൊളിഞ്ഞു.

കോൺഗ്രസിൽ സ്ഥാനാർഥി നിർണയചർച്ച പുരോഗമിക്കുന്നതിനിടയിലാണ് കൂടിക്കാഴ്‌ചയെന്നത്‌ ശ്രദ്ധേയം. പാലക്കാട്‌ രാഹുലിനെ മാറ്റി പുതിയയാളെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു കോൺഗ്രസിലെ പൊതുധാരണ. എന്നാൽ പുതിയ സാഹചര്യത്തിൽ രാഹുലിനെ അനുനയിപ്പിച്ച്‌ കൂടെ നിർത്താനാണ്‌ സതീശൻ ശ്രമിക്കുന്നത്‌. പുതുയുഗയാത്ര തുടങ്ങുന്പോഴുള്ള അന്തരീക്ഷമല്ല കോൺഗ്രസിൽ ഇന്നുള്ളത്‌. സതീശൻ യാത്ര ആരംഭിച്ച്‌ ദിവസങ്ങൾക്കുള്ളിൽ രമേശ്‌ ചെന്നിത്തലയെ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ ചുമതല എഐസിസി ഏൽപ്പിച്ചു. ഒപ്പം ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ രംഗപ്രവേശവും.

യാത്ര തെക്കൻ ജില്ലകളിൽ പ്രവേശിച്ചതോടെ ‘മാറ്റം’ പ്രകടമായി. ഇതോടെയാണ്‌ ഇരുവരെയും ‘നേരിടാൻ’ സതീശൻ മാർഗം തേടിയത്‌. പുതുയുഗയാത്രക്കിടയിലെ പതിവ്‌ വാർത്താസമ്മേളന സമയത്തുതന്നെ രമേശ്‌ ചെന്നിത്തലയും മാധ്യമപ്രവർത്തകരെ കാണുകയാണ്‌. കെ സി വേണുഗോപാലും വിഷയങ്ങളിൽ നേരിട്ടിടപെടാൻ ശ്രമിക്കുന്നു. ഇതാണ്‌ ഷാഫി– രാഹുൽ ‘ക്വട്ടേഷൻ പിന്തുണ’യ്‌ക്ക്‌ സതീശനെ പ്രേരിപ്പിച്ചത്‌. സംഭവം പുറത്തായതോടെ അവിചാരിതമായ കൂടിക്കാഴ്‌ചയെന്നായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം. ഇത്‌ മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിൽ എന്താണ്‌ തെറ്റെന്നായിരുന്നു പൊതുവേദിയിൽ തിരിച്ചുവരാൻ പിആർ വർക്കടക്കം തുടരുന്ന രാഹുലിന്റെ വാദം.

മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം ആലോചിച്ച്‌ 
തീരുമാനിക്കും: സണ്ണി ജോസഫ്‌

കണ്ണൂർ: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണോ എന്നത്‌ ആലോചിച്ച്‌ തീരുമാനിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌. കോൺഗ്രസ്‌ സ്ഥാനാർഥികളെ ഹൈക്കമാൻഡാണ്‌ തീരുമാനിക്കുക. രാഹുൽ മത്സരിക്കാൻ യോഗ്യനാണോ എന്ന്‌ പിന്നീട്‌ തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോകട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home