പണം പിരിച്ചിട്ടും വീടില്ല: വ്യാജ ഐഡി കാർഡ് അടിച്ചവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല- വി കെ സനോജ്

തിരുവനന്തപുരം: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാനെന്ന പേരിൽ പണം പിരിച്ചിട്ടും ഒരു വീട് പോലും നൽകാത്ത യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ പ്രതിഷേധമുയരണമെന്ന് ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വ്യാജ ഐഡി കാർഡ് അടിച്ച ഭാരവാഹികളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല. ദുരിതബാധിതരുടെ വീട് നിർമ്മാണത്തിനായി പിരിച്ച് കിട്ടിയ പണം, ആയിരം വീട് പൂർത്തിയാക്കാത്ത മൂത്ത കോൺഗ്രസിന് നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു.
'വ്യാജ പ്രഖ്യാപനം മാത്രമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്. വീടിന്റെ പേരിൽ വ്യാപകമായി പണം പിരിച്ചു. എന്നാൽ കണക്ക് ചോദിച്ച അണികളോട് പോലും മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് നേതൃത്വം മാറി. മുണ്ടക്കൈ ചൂരമലയിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടാണിത്'- വി കെ സനോജ് കൂട്ടിചേർത്തു.
ഡിവൈഎഫ്‌ഐ ഒരു കാര്യം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ ആ കാര്യം നടപ്പിലാക്കാൻ ശേഷിയുള്ള സംഘടനയാണെന്നും സനോജ് പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്ത മേഖലയിൽ 100 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും ഡിവൈഎഫ്ഐ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ‘നമ്മൾ വയനാട്' പദ്ധതിയിലൂടെ 25 വീട് നൽകുമെന്ന തീരുമാനിച്ചിടത്ത് നിന്നാണ് ഡിവൈഎഫ്ഐ 100 വീടുകൾ നിർമിക്കാനുള്ള പണം കൈമാറിയത്.
പാഴ് വസ്തുക്കൾ ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികൾ ചെയ്തും പുസ്തകങ്ങൾ വിറ്റും വാഹനങ്ങൾ കഴുകിയും മത്സ്യംപിടിച്ച് വിൽപ്പന നടത്തിയും പലവഴികളിലൂടെ കേരളത്തിലുടനീളമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ വീട് നിർമിക്കാനുള്ള പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളായി.









0 comments