വിഴിഞ്ഞം തുറമുഖം ഭൂഗർഭപാതയുടെ ടെൻഡർ ഈമാസം

സുനീഷ് ജോ
Published on Aug 04, 2025, 01:03 AM | 1 min read
തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപ്പാതയ്‌ക്കായുള്ള ടെൻഡർ ഈ മാസം വിളിക്കും. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ എൻജിനീയറിങ്, പ്രൊക്യുമെന്റ്, കൺട്രക്‌ഷൻ( ഇപിസി) ടെൻഡർ രേഖകൾ സർക്കാർ നിയോഗിച്ച സമിതി ഒരാഴ്‌ചക്കകം പരിശോധിക്കും. അംഗീകാരം ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെ 10.76 കിലോമീറ്റർ ദൂരത്തിലാണ് പാത. ഇതിൽ 9.5 കി.മീ ഭൂമിക്കടിയിലൂടെയാണ്. 1,402 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽവേയ്‌ക്കാണ്. ന്യു ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) ഉപയോഗിച്ചാകും ഭൂഗർഭപാത നിർമാണം. പ്രവൃത്തി തുടങ്ങി മൂന്നരവർഷം കൊണ്ട് പൂർത്തിയാക്കും.
നിർമാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് തിരുവനന്തപുരം ( വിസിൽ) 343 കോടിരൂപ ദക്ഷിണ റെയിൽവേയ്‌ക്കും ഭൂമി ഏറ്റെടുക്കുന്നതിനായി 190 കോടി രൂപ തിരുവനന്തപുരം കലക്ടർക്കും നൽകി. കൊങ്കൺ റെയിൽവേയ്‌ക്ക് 96.2 കോടിയും കൈമാറി. ബാലരാമപുരം സ്‌റ്റേഷന് സമീപത്തുനിന്ന് ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാതയുടെ നിർമാണം. . വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ ഭൂനിരപ്പിൽനിന്ന് 25–30 മീറ്റർ എങ്കിലും താഴ്ചയിലൂടെയാകും നിർദിഷ്‌ട പാത കടന്നുപോവുക. സിംഗിൾലൈനായിരിക്കും. വിഴിഞ്ഞം തുറമുഖത്തിന് 150 മീറ്റർ അകലെവരെയാണിത്. അവിടെനിന്ന് തൂണുകളിലൂടെ 125–150 മീറ്റർ പാത നിർമിക്കും.
ചരക്കുനീക്കത്തിന് താൽക്കാലിക സംവിധാനം
തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിനുള്ള താൽക്കാലിക റെയിൽവേ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ദക്ഷിണറെയിൽവേയുടെ ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ( സിടിപിഎം)എസ് അരുൺകുമാർ ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘം ബാലരാമപുരവും വിഴിഞ്ഞവും സന്ദർശിച്ചു. ബാലരാമപുരത്തിനും നെയ്യാറ്റിൻകരയ്‌ക്കുമിടയിലായിരിക്കും താൽക്കാലിക സംവിധാനം. ട്രക്കുകളിൽ കണ്ടെയ്‌നർ കയറ്റി ഇവിടെ എത്തിച്ച് അവിടെനിന്ന് റെയിൽമാർഗം കൊണ്ടുപോകും. വിഴിഞ്ഞത്തേക്കുള്ള കണ്ടെയ്‌നർ ട്രെയിനിൽ എത്തും. കണ്ടെയ്‌നർ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.









0 comments