വിഴിഞ്ഞം കുതിപ്പിന്റെ പാതയാകും ; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരമുണ്ടാക്കും
സുനീഷ് ജോ
Published on May 06, 2025, 02:44 AM | 1 min read
തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ വരവോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ കൂടുതൽ അവസരം ലഭിക്കും. കയറ്റുമതി സാധ്യത കൂടിയതും അതിനുള്ള ചെലവ് കുറഞ്ഞതുമാണ് കാരണം. കൂടുതൽ വിപണി തുറക്കുന്നതോടെ തൊഴിലവസരങ്ങളും വർധിക്കും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കും ചരക്ക് കൈമാറ്റം വിഴിഞ്ഞത്തിലൂടെ എളുപ്പമാക്കും. അമേരിക്ക ഇറക്കുമതി ചുങ്കം വർധിപ്പിച്ചതോടെ ആപ്പിൾ പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിർമാണയൂണിറ്റ് ആരംഭിക്കാൻ താൽപ്പര്യപ്പെട്ടിട്ടുണ്ട്.
മത്സ്യമേഖലയ്‌ക്ക് ഗുണകരം
രാജ്യത്തെ മത്സ്യക്കയറ്റുമതിയുടെ 20 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. 2021–22ൽ 1369264 മെട്രിക് ടണ്ണാണ് രാജ്യത്തുനിന്നുള്ള കയറ്റുമതി. 2023–-24 ൽ അത് 1781602 മെട്രിക് ടണ്ണായി ഉയർന്നു. കേരളത്തിന്റേത് 2022–-23ൽ 2,18,629 മെട്രിക് ടണ്ണായിരുന്നു. കേരളത്തിന്റെ ഉൾനാടൻ മത്സ്യഉൽപ്പാദനവും വർധിക്കുകയാണ്. ഇതും നേട്ടമാകും. കൊച്ചിയിൽനിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുന്ന കമ്പനിക്ക് അത് അവിടെ എത്തിക്കാൻ ശരാശരി 66 ദിവസം എടുക്കുമെങ്കിൽ വിഴിഞ്ഞം അത് പകുതി ദിവസങ്ങളാക്കി കുറയ്‌ക്കും. ചെലവ് കുറയുന്നതിനൊപ്പം കമ്പനിയുടെ വരുമാനത്തിലും വർധനയുണ്ടാക്കും.
2023–-24 സാമ്പത്തിക വർഷം കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്ത മൊത്ത ആഭ്യന്തര, വിദേശ ചരക്ക് 363.20 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇത് മുൻവർഷത്തേക്കാൾ രണ്ടുശതമാനം കൂടുതലായിരുന്നു. കയർ, കയറുൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 148.1 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 2022–-23വർഷം കയറ്റി അയച്ചത് 1,19,350 മെട്രിക് ടണ്ണായിരുന്നുവെങ്കിൽ 2023–-24ൽ അത് 2,96,137 ആയി. കശുവണ്ടി, തേയില, കാപ്പി, സുഗന്ധവ്യഞ്ജന കയറ്റുമതിയിലും വളർച്ചയുണ്ടായി.










0 comments