വിഴിഞ്ഞം ഓഹരി കൈമാറ്റം: കരാറിൽ എന്താണെന്ന് നോക്കട്ടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: വിഴിഞ്ഞം ഓഹരി കൈമാറ്റ കരാറിൽ എന്തൊക്കെയാണുള്ളതെന്ന് നോക്കട്ടേയെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഒൗദ്യോഗികമായി ബന്ധപ്പെട്ടട്ടില്ലെന്നും ഗുണമാണോ, ദോഷമാണോ എന്നുൾപ്പെടെ എല്ലാകാര്യങ്ങളും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. നമ്മൾക്ക് വിവാദങ്ങളിലാണ് താൽപര്യമെന്നും അതിന് പ്രാധാന്യം കൊടുക്കേണ്ടെന്നും നല്ലതിൽ അവസാനിക്കാൻ ശ്രമിക്കാമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പോരായ്‌മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റേതാണ് അവസാന വാക്കെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. സർക്കാരിന്റെ അറിവോ സമ്മതമോ അല്ലാതെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചയില്ലെന്നാണോ എന്ന ചോദ്യത്തിന് അതാലോചിക്കേണ്ടപ്പോൾ ആലോചിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) ഉടമ്പടി വച്ചത് മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണെന്ന് വിവരം പുറത്തുവന്നിരുന്നു. ഓഹരി കൈമാറ്റം മുഖ്യമന്ത്രിയെ കമ്പനി അനൗദ്യോഗികമായി അറിയിച്ചിരുന്നു എന്ന വിവരം പുറത്തുവന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുമില്ല. നിയമസഭയിൽ പ്രതിപക്ഷനേതാവിന്റെ ഉപക്ഷേപത്തിന് മുൻകൂട്ടി തയ്യാറാക്കിയ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. വിൽപ്പനയെപ്പറ്റി സതീശന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തം.











0 comments