അവസരങ്ങളുടെ
മഹാകവാടം

Vizhinjam-kollam-punalur
വെബ് ഡെസ്ക്

Published on Jun 02, 2025, 06:05 AM | 3 min read

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാർഥ്യമായതോടെ കേരളത്തിന്റെ വികസനവഴിയിൽ പുതിയ അധ്യായം പിറക്കുകയാണ്‌. ഇന്ത്യയിലേക്കുള്ള കണ്ടെയ്‌നർ നീക്കത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത്‌ കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളാണ്‌. അതിൽ ഭൂരിഭാഗവും വിഴിഞ്ഞത്തേക്ക്‌ വരാം. അത്‌
അവസരങ്ങളുടെ മഹാകവാടം തുറക്കുമെന്ന് മുൻ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി കെ എം ചന്ദ്രശേഖർ
ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. തയ്യാറാക്കിയത്‌ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സുനീഷ്‌ ജോ



വിഴിഞ്ഞം തുറമുഖം സമ്പദ്‌വ്യവസ്ഥയിൽ മുന്നേറ്റമുണ്ടാക്കുമല്ലോ ● തുടർഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായി വിഴിഞ്ഞം വളരും. രാജ്യത്തേക്കുള്ള കണ്ടെയ്നറുകളിൽ 70 ശതമാനവും നിലവിൽ കൈകാര്യം ചെയ്യുന്നത് കൊളംബോയും സിംഗപ്പുരുമാണ്. ഇതിൽ ഭൂരിഭാഗവും വിഴിഞ്ഞത്തേക്ക് വരാം. കൂടാതെ, ക്രൂയിസ് ഷിപ്പിങ്‌ പോലുള്ള മറ്റ് മേഖലകൾ വികസിക്കും. സംസ്ഥാന സർക്കാരും അദാനിയു‌മായുള്ള പുതിയ കരാറിൽ പറയുന്നതുപോലെ 2028ഓടെ റെയിൽവേ ലൈനും ഔട്ടർ റിങ്‌ റോഡും സാധ്യമായാൽ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള നിർമാണ യൂണിറ്റുകൾക്ക്‌ വിഴിഞ്ഞത്തെ ഒഴിവാക്കാനാകില്ല. ടെക്‌നോപാർക്കോ ഇൻഫോപാർക്കോ നൽകുന്നതിനേക്കാൾ പതിന്മടങ്ങ്‌ സാധ്യതകളും നേട്ടങ്ങളും വിഴിഞ്ഞം സമ്മാനിക്കും.  കേരളത്തിന്റെ ഏതൊക്കെ മേഖലയിൽ മാറ്റമുണ്ടാകും ● വിഴിഞ്ഞം കേരളത്തിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യം വിരൽത്തുമ്പിൽ ലഭ്യമാണ്‌. അതായത്‌ വിഭാവനം ചെയ്തതിലും വളരെ വലിയ പദ്ധതികളാണ്‌ തുറമുഖവുമായി ബന്ധപ്പെട്ട്‌ ആലോചനയിലുള്ളത്‌. 2028ഓടെ അതിന്റെ ശേഷി 30 ലക്ഷം ടിഇയുവായി വർധിപ്പിക്കുന്നതിന്‌ അദാനി കമ്പനിയും സംസ്ഥാന സർക്കാരും അനുബന്ധ കരാർ ഒപ്പുവച്ചിട്ടുണ്ട്‌. ഇതിനായി രണ്ടാം ഘട്ടത്തിൽ 10,000 കോടി രൂപയുടെ കൂടുതൽ നിക്ഷേപം നടത്തും. തുറമുഖം വളരുന്നതിനനുസരിച്ച് റോഡ്, റെയിൽ ലിങ്കുകൾ സ്ഥാപിക്കുന്നതിലും അതേ വേഗം ഉണ്ടാകും. രാജ്യത്തിന്‌ മുഴുവനും അതിന്റെ പ്രയോജനം ലഭിക്കും. ലോജിസ്റ്റിക്സ് ഹബ്ബുകൾ വികസിപ്പിക്കേണ്ടതുണ്ട്. അതിന്‌ വ്യവസായമേഖല കൂടുതൽ പരിഗണന നൽകണം. വലിയൊരു അവസരമാണ്‌ വന്നുചേർന്നിരിക്കുന്നത്‌. വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്റർ നീളത്തിൽ ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും ചേർന്ന്‌ ഔട്ടർ റിങ്‌ റോഡ്‌ നിർമിക്കാൻ പദ്ധതിയുണ്ട്‌. ആദ്യ ഘട്ടത്തിൽ ഇത് നാലുവരി ഹൈവേ ആയിരിക്കുമെങ്കിലും പിന്നീടത്‌ ആറുവരിയാക്കും. മൊത്തം ചെലവ് 4868 കോടി രൂപയാണ്. എട്ട് സാമ്പത്തിക ക്ലസ്റ്ററുകളാണ് ഇടനാഴിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൽ ലോജിസ്റ്റിക്, ഇൻഡസ്ട്രിയൽ ഹബ്ബുകൾ വിഴിഞ്ഞത്തും ഹെൽത്ത് ടൂറിസം ഹബ്ബ്‌ കോവളത്തുമാണ്‌. ഇതിനകം 2000 പുതിയ തൊഴിലവസരം സൃഷ്ടിച്ചു. 2028ഓടെ 5500 തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട ജോലികൾ ഏറ്റെടുക്കാനുള്ള വൈദഗ്ധ്യം നൽകുന്നതിന് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇത്തരത്തിൽ ക്രൂ ചേഞ്ച് ഹബ്ബായും ക്രൂയിസ് ഹബ്ബായും വികസിക്കുന്ന സ്ഥിതിയുണ്ടായാൽ സർവീസ്‌ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. എൻജിനിയർമാർ, അക്കൗണ്ടന്റുമാർ, ഡ്രൈവർമാർ, പ്രത്യേക യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർ, പ്ലംബർമാർ, ഇലക്‌ട്രീഷ്യൻമാർ തുടങ്ങി ഈ പട്ടിക നീളും. തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ വരുമാനവിഹിതം തുടക്കത്തിൽ പ്രതീക്ഷിച്ച 6300 കോടിയിൽനിന്ന് കരാർ കാലയളവിൽ 35,000 കോടി രൂപയാകും. പുറമെ ജിഎസ്ടിയിലൂടെ 29,000 കോടി രൂപയും ലഭിക്കും. സംസ്ഥാനത്തിന്റെ കോർപറേറ്റ് നികുതി വിഹിതവും വർധിക്കും. 

സംസ്ഥാനത്തെ വ്യവസായമേഖലയെ എങ്ങനെ സ്വാധീനിക്കും ●

വിഴിഞ്ഞത്തുനിന്ന്‌ തെക്കൻ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും എത്താൻ എളുപ്പത്തിൽ കഴിയുമെന്നത്‌ പ്രധാനമാണ്‌. ഈ തുറമുഖത്തിൽനിന്ന് കേരളത്തിന് എത്രമാത്രം നേട്ടമുണ്ടാകുന്നു എന്നത് ജനങ്ങളെയും കേരള സർക്കാരിനെയും ആശ്രയിച്ചിരിക്കുന്നു. 2019ഓടെ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. ഒരു വർഷം മുമ്പാണ് യഥാർഥ ഷിപ്പിങ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കമീഷൻ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ റെയിൽവേ ലൈൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കാര്യങ്ങൾ മന്ദഗതിയിലായി. സർക്കാർ വേഗത്തിൽ നീങ്ങുകയും ജനങ്ങൾ സഹകരിക്കുകയും ചെയ്‌താൽ വലിയ സാധ്യതയാണ്‌ മുന്നിലുള്ളത്‌. 

ജനസാന്ദ്രതയും ഭൂമിയുടെ വിലക്കൂടുതലും വികസനത്തിന്‌ തടസ്സമാണോ ●

ടെക്‌നോപാർക്കിന്റെ കാര്യത്തിലെന്നപോലെ സേവനമേഖലയും വളരെ വേഗത്തിൽ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാനുഫാക്‌ചറിങ്‌ വ്യവസായം അത്തരത്തിൽ വളരില്ല. അതിന്‌ കാരണം ഭൂമിയുടെ വിലയും കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോഴും സ്വകാര്യ വ്യവസായം പുലർത്തുന്ന സംശയങ്ങളുമാണ്‌. എങ്കിലും ജനങ്ങളും സർക്കാരും ആത്മാർഥതയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ചാൽ വലിയ വികസനക്കുതിപ്പിന്‌ ഉത്തേജനമാകും. 

തൊഴിൽ സാധ്യത ഉയരുമോ ●

ഈ സമയത്ത് അത് കണക്കാക്കാൻ പ്രയാസമാണ്. ഔട്ടർ റിങ്‌ റോഡ് വികസിപ്പിക്കൽ, റെയിൽ ബന്ധം വേഗത്തിലാക്കൽ, നിർദിഷ്‌ട സാമ്പത്തിക ക്ലസ്റ്റർ വേഗം സ്ഥാപിക്കൽ, വ്യവസായത്തിൽ തമിഴ്നാടിനും കർണാടകത്തിനും സമാനമായ സാഹചര്യം ഉണ്ടാക്കൽ എന്നിവ ചെയ്‌താൽ ധാരാളം തൊഴിലവസരം സൃഷ്ടിക്കാനാകും. 

തുറമുഖത്തിന്റെ സാധ്യത സംബന്ധിച്ച്‌ കേരളീയർക്ക്‌ അറിവുണ്ടോ ● ഈ പദ്ധതിക്ക് നൽകാൻ കഴിയുന്ന അവസരങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ബോധവാന്മാരല്ലെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിന്റെ എക്കാലത്തെയും വലിയ പദ്ധതിയിൽനിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നതിനായി വിഭാവനം ചെയ്‌ത സൗകര്യങ്ങൾ എത്രയും വേഗം സജ്ജമാക്കുന്നതിന് ജനങ്ങൾ സർക്കാരുമായി സഹകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ നന്മയ്‌ക്ക്‌ എല്ലാ രാഷ്ട്രീയ പാർടികളും ഒരുമിച്ച് നിൽക്കണം. മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതിനൊപ്പമുണ്ടാകണം. കേരളത്തിന് ഇതിലും വലിയൊരവസരം ഇനി ലഭിക്കില്ല. 

ഇനി എന്തൊക്കെ ശ്രദ്ധിക്കണം ●

റെയിൽ ലിങ്ക്, ഔട്ടർ റിങ്‌ റോഡ്, സാമ്പത്തിക ക്ലസ്റ്ററുകൾ എന്നിവ വേഗത്തിൽ വികസിപ്പിക്കുക എന്നതാണ്‌ പ്രധാനം. പദ്ധതിയുടെ തുടർഘട്ടങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും ഉറപ്പാക്കണം. പദ്ധതി മുടങ്ങാതിരിക്കാൻ തുറമുഖം നൽകുന്ന വലിയ അവസരങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കണം. എല്ലാ രാഷ്‌ട്രീയബന്ധങ്ങളും ഉപയോഗിച്ച്‌ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home