വിഴിഞ്ഞത്തും കള്ളം പറഞ്ഞ് മുഖ്യമന്ത്രി
print edition വിഴിഞ്ഞം തുറമുഖം; തുരങ്കം വച്ചവർ ക്രെഡിറ്റെടുക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുന്നതിൽ കേരളംപത്ത് വർഷം നഷ്ടപ്പെടുത്തിയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം യാഥാർഥ്യത്തിന് നിരക്കാത്തത്. പത്ത് വർഷം കേരളം നഷ്ടപ്പെടുത്തിയെന്നും നേട്ടം ലഭിക്കാൻ വൈകുമെന്നുമാണ്, സമ്പൂർണ എക്‌സിം (കയറ്റുമതി--–ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സതീശൻ പറഞ്ഞത്.
ഉമ്മൻചാണ്ടി അധികാരമൊഴിയുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സ്ഥാപിച്ചത് ഒരു കല്ലുമാത്രം. അവിടെനിന്നാണ് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനമികവിൽ സമ്പൂർണ എക്‌സിം (കയറ്റുമതി--–ഇറക്കുമതി) പ്രവർത്തനങ്ങളിലേക്ക് വരെ വിഴിഞ്ഞം തുറമുഖം എത്തിയത്. കേന്ദ്ര അവഗണനയും പ്രകൃതിക്ഷോഭങ്ങളും യുഡിഎഫ് നേതൃത്വത്തിൽ പ്രതിപക്ഷ സമരാഭാസങ്ങളും കോവിഡും അതിജീവിച്ച് പദ്ധതി യാഥാർഥ്യമായത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ്.

നിർമാണം തടയാൻ ആകാവുന്നതെല്ലാം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവുമാണ്. 2022ൽ തുറമുഖ നിർമാണം നിർത്തണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം സമരസമിതി പൊലീസ് സ്‌റ്റേഷനടക്കം അടിച്ചുതകർക്കുകയും പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തപ്പോൾ പിന്തുണയുമായെത്തിയവരിൽ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പദ്ധതിക്ക് തുരങ്കം വയ്ക്കുകയായിരുന്നു സതീശൻ. ആവശ്യമെങ്കിൽ വിമോചന സമരത്തിനുപോലും തയ്യാറാകുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി വൈകിപ്പിച്ചത് കേന്ദ്രസർക്കാരായിട്ടും അതിനെപ്പറ്റി ഒരക്ഷരം സതീശൻ മിണ്ടിയതുമില്ല.
അതൃപ്തി നേരിട്ട് പറഞ്ഞെന്ന് സതീശൻ; പിറ്റേന്ന് സോറി
തിരുവനന്തപുരം : മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖ കമ്പനിയിലെ ഓഹരി കൈമാറാനുള്ള നീക്കം വിവാദമായതോടെ, അദാനി ഗ്രൂപ്പിനെ താൻ നേരിട്ടാണ് അതൃപ്തി അറിയിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിറ്റേ ദിവസംതന്നെ അദാനി സോറി പറഞ്ഞെന്നും കത്ത് നൽകിയെന്നുമാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, അദാനിയെ സംസ്ഥാന സർക്കാർ അതൃപ്തി അറിയിച്ചിട്ടില്ലെന്നാണ് തുറമുഖ വകുപ്പ് വിവരാവാകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നത്. വിവരാവകാശ രേഖയെക്കുറിച്ചുള്ള ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.










0 comments