print edition വിഴിഞ്ഞം ഓഹരി കൈമാറ്റം; എല്ലാം മുഖ്യന്‍ അറിഞ്ഞ്


സ്വന്തം ലേഖകൻ
Published on Jul 03, 2026, 02:23 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) ഉടമ്പടി വച്ചത് മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെ. ഇക്കാര്യം മുഖ്യമന്ത്രിയെ കന്പനി അനൗദ്യോഗികമായി അറിയിച്ചിരുന്നു എന്ന വിവരം പുറത്തുവന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുമില്ല. നിയമസഭയിൽ പ്രതിപക്ഷനേതാവിന്റെ ഉപക്ഷേപത്തിന് മുൻകൂട്ടി തയ്യാറാക്കിയ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. വിൽപ്പനയെപ്പറ്റി സതീശന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തം.
അതിനിടെ, ഓഹരി വിൽപ്പന വേഗത്തിലാക്കാൻ അദാനി കന്പനി നടപടി തുടങ്ങി. ഉടമസ്ഥാവകാശം സംബന്ധിച്ച ഏത് മാറ്റം വരുത്തലിനും സംസ്ഥാനത്തിന്റെ "രേഖാമൂലമുള്ള മുൻകൂർ അനുമതി' വേണമെന്നാണ് വിഴിഞ്ഞം തുറമുഖ കരാറിലെ പ്രധാന നിബന്ധന. ഔദ്യോഗിക അപേക്ഷ നൽകി, ബന്ധപ്പെട്ട വകുപ്പിൽ ഫയലാക്കി, അസിസ്റ്റന്റുമുതൽ തുറമുഖമന്ത്രിവരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതാണ് നടപടിക്രമം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയും പരിശോധിക്കണം. അതും കഴിഞ്ഞേ അനുമതി നൽകാവൂ.
എന്നാൽ, ജൂൺ 29ന് ഉടമ്പടി വച്ചതിനുപിന്നാലെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ചു. തുറമുഖവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഇതിന് കമ്പനി ധൈര്യപ്പെടില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലെത്തി സതീശൻ അദാനി കമ്പനി പ്രതിനിധികളെ കണ്ടതിന്റെ ദുരൂഹത ഈ പശ്ചാത്തലത്തില്‍ ഏറുന്നു.
തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ കമീഷൻചെയ്ത് ഒരുവർഷം കഴിഞ്ഞാൽ 74 ശതമാനംവരെ ഓഹരി കൈമാറാൻ അവകാശമുണ്ടെന്നും സർക്കാരിനെ അറിയിക്കണമെന്നേയുള്ളൂ എന്നുമാണ് കന്പനിയുടെ വാദം. ഒരാഴ്‌ചയ്‌ക്കകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയിൽ വിഷയംവന്നതിനാല്‍ വ്യാഴാഴ്‌ചതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കത്ത് എത്തിച്ചു.











0 comments