സിനാജ് ജീവിതത്തിലേക്ക്
സിപിആർ നൽകി നഴ്‌സുമാർ; അഞ്ജലിക്കും ആർദ്രയ്ക്കും രഞ്ജിത്തിനും അഭിനന്ദനപ്രവാഹം

അഞ്ജലി ബൈജു ആർദ്ര രാജ് K
പെരുമ്പാവൂർ
കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കിടന്ന കാർ യാത്രക്കാരനെ ഹൃദയാഘാതത്തിൽനിന്ന് രക്ഷിച്ച നഴ്സിനും നഴ്സിങ് വിദ്യാർഥിക്കും അഭിനന്ദനപ്രവാഹം. അഡ്‌ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അഞ്ജലി ബൈജു (24), കോതമംഗലം മാർബസേലിയോസ് ആശുപത്രിയിലെ കോളേജ് ഓഫ് നഴ്സിങ് അവസാനവർഷ വിദ്യാർഥിനി ആർദ്ര രാജ് (22) എന്നിവരാണ് പെരുമ്പാവൂർ പള്ളിക്കവല ഹൈദരാലി ജങ്ഷനിൽ ചിരയ്ക്കക്കുടി സി ഇ സിനാജിനെ (43) സിപിആർ നൽകി രക്ഷിച്ചത്. ബുധൻ രാവിലെ 9.15 ന് താന്നിപ്പുഴ സെന്റ് ജോർജ് പള്ളിക്ക് സമീപമായിരുന്നു സംഭവം.
സിനാജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ സന്ദർശിക്കാൻ സുഹൃത്തിനൊപ്പം കാർ ഓടിച്ചുപോകുന്നതിനിടയിലാണ് നെഞ്ചുവേദന ഉണ്ടായത്. ഗതാഗതക്കുരുക്കായതിനൽ ലൈറ്റിട്ട് ഹോണടിച്ച് പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപമുണ്ടായിരുന്ന ബൈക്ക് വർക്‌ഷോപ് ഉടമ ഒക്കൽ മാടപ്പിള്ളിൽ എം എസ് രഞ്ജിത് വിവരം തിരക്കിയപ്പോഴണ് നെഞ്ചുവേദനയാണന്നും ആശുപത്രിയിലെത്താൻ ശ്രമിക്കുകയാണന്നും പറഞ്ഞത്. ഇതിനിടെ സിനാജിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. രഞ്ജിത് ഗതാഗതക്കുരുക്കിൽക്കിടന്ന ബസിൽ കയറി സിപിആർ കൊടുക്കാൻ അറിയാവുന്നവർ ഉണ്ടോ എന്ന് തിരക്കിയപ്പോഴാണ് അഞ്ജലിയും ആർദ്രയുമെത്തി സിപിആർ നൽകി ആശുപത്രിയിലെത്തിച്ചത്.
സിനാജിന് രണ്ട് ആൻജിയോഗ്രാമാണ് ഡോക്ടർമാർ നിർദേശിച്ചത്. ഒരു ആൻജിയോഗ്രാം ചെയ്തുകഴിഞ്ഞു. സിനാജിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാഹായിച്ച ഒക്കൽ ആട്ടോക്കാരൻ വീട്ടിൽ ബൈജു പൗലോസിന്റെയും ഷിജിയുടെയും മകൾ അഞ്ജലിക്കും കാലടി മറ്റൂർ അറയ്ക്കപ്പറമ്പിൽ എ ആർ രാജുവിന്റെയും പി എം മഞ്ജുളയുടെയും മകൾ ആർദ്രയ്ക്കും അഭിനന്ദനപ്രവാഹമാണ്. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ അഡ്‌ലക്സ് ആശുപത്രിയിലെത്തി അഞ്ജലിയെ അഭിനന്ദിച്ചു. ജനപ്രതിനിധികളും ഇരുവരുടെയും വീടുകളിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.











0 comments