വിഴിഞ്ഞം തുറമുഖം ; രണ്ടാംഘട്ട നിർമാണത്തിന്റെ മേൽനോട്ടം ഐഇഎല്ലിന്

തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം പരിശോധിക്കാൻ സ്വതന്ത്ര എൻജിനിയറെ നിയമിച്ചു. ഇതിന് എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡുമായി(ഐഇഎൽ) ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുറമുഖ സെക്രട്ടറി ഡോ. കൗസികന്റെ സാന്നിധ്യത്തിൽ വിസിൽ മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരും ഐഇഎൽ ജനറൽ മാനേജർ പ്രേം പ്രസൂണും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. വിസിൽ സിഇഒ ശ്രീകുമാർ കെ നായരും പങ്കെടുത്തു. തുറമുഖത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെ ഒരുമിച്ചാണ് നിർമിക്കുന്നത്. ഇത് 2028 ഡിസംബറിനകം പൂർത്തിയാക്കാനാണ് കരാർ. ഇതിനുള്ള 9500 കോടി രൂപ അദാനി പോർട്ട്( എവിപിപിഎൽ) ആണ് വഹിക്കേണ്ടത്. പ്രവൃത്തിയുടെ ഉദ്‌ഘാടനം ഒക്‌ടോബർ പകുതിയോടെ നടക്കും. പാരിസ്ഥിതികാനുമതി മാർച്ച് 10ന് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിൽനിന്ന് ലഭിച്ചിരുന്നു.
രണ്ടാംഘട്ടത്തിന്റെ പ്രതിവർഷ സ്ഥാപിതശേഷി 30 ലക്ഷം ടിഇയു കണ്ടെയ്‌നറാണ്. ഒന്നാംഘട്ടത്തിൽ സ്ഥാപിതശേഷി 10 ലക്ഷം കണ്ടെയ്‌നറായിരുന്നു.നിലവിൽ 500ൽ അധികം ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് ഇതുവരെയായി എത്തി.









0 comments