print edition വിഴിഞ്ഞം ഓഹരിക്കൈമാറ്റം: കരാറുകളുടെ കൂട്ടലംഘനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനിയിൽ അദാനി ഗ്രൂപ്പിനുള്ള 49 ശതമാനം ഓഹരിക്കൈമാറ്റം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ഗുരുതര ലംഘനമെന്നതിന് കൂടുതൽ തെളിവ്. കരാർപ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (എവിപിപിഎൽ) സഹോദര സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരി എടുക്കരുത്. സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഉടമസ്ഥതയുള്ള കമ്പനിക്കോ വ്യക്തിക്കോ 25 ശതമാനത്തിലധികം ഓഹരി വാങ്ങാനും അവകാശമില്ല.
ഇവിടെ എവിപിപിഎല്ലിന്റെ 49 ശതമാനം ഓഹരി വാങ്ങാൻ ഉടമ്പടി വച്ച മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്ഇ) 187 കിലോമീറ്റർ അകലെയുള്ള തൂത്തുക്കുടിയിൽ ഒരു ടെർമിനലിന്റെ പൂർണ ഉടമസ്ഥാവകാശമുണ്ട്. 2022-ൽ ആഫ്രിക്ക ലോജിസ്റ്റിക്സ് എന്ന കമ്പനി വാങ്ങിയപ്പോഴാണ് ഇത് സ്വന്തമായത്. ഇത് കൺസഷൻ കരാറിലെ 5.9 വ്യവസ്ഥയുടെ ഗുരുതരമായ ലംഘനമാണ്.
ഇതിന് പുറമെയാണ് കരാറിൽ ഏർപ്പെടും മുമ്പ് സംസ്ഥാന സർക്കാരിന്റെ "മുൻകൂർ അനുമതി' വാങ്ങിയില്ലെന്ന 5.3 വ്യവസ്ഥയുടെ ലംഘനവും. എന്നിട്ടും അദാനിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകുന്നില്ല. ഓഹരിക്കൈമാറ്റത്തിനുള്ള പ്രാഥമിക കരാറിൽ ഏർപ്പെട്ട് സെബിക്ക് കൈമാറിയ ശേഷമാണ് അദാനി കന്പനി സർക്കാരിന് കത്ത് നൽകിയത്.
കരാറിനെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഇടപെടലിൽ അദാനിക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് സാധ്യത. ഇതിലൂടെ കേരളത്തിന് അനുകൂലമായി മാറേണ്ട ഒരു പദ്ധതിയെ നഷ്‌ടത്തിലാക്കുകയാണ് സതീശനും ടീമും.
അന്വേഷിക്കുന്നത് ‘ആരോപണവിധേയ’ന്റെ സെക്രട്ടറിമാർ
വിഴിഞ്ഞം തുറമുഖം ഓഹരികൈമാറ്റം സംബന്ധിച്ച അന്വേഷണം പ്രഹസനമാകും. ആരോപണവിധേയനായ മുഖ്യമന്ത്രി വി ഡി സതീശന് കീഴിലെ ധന, തുറമുഖ, നിയമ സെക്രട്ടറിമാരാണ് എംപവേഡ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയെ നയിക്കുന്നത് ചീഫ് സെക്രട്ടറിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുമഖ കന്പനി എംഡിയായിരുന്ന ദിവ്യ എസ് അയ്യരെ മാറ്റി, നിയമിച്ച ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറുടെ അടുപ്പക്കാരനുമാണ്.
വിഴിഞ്ഞം തുറമുഖ കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാന്‍ നീക്കം തുടങ്ങിയത് യുഡിഎഫ് സർക്കാർ വന്നശേഷമാണ്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുംമുന്പ് വി ഡി സതീശൻ അദാനി കന്പനി ഉന്നതനൊപ്പം മംഗളൂരുവിൽ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് ഫലം അനൂകുലമായപ്പോൾ മറ്റേത് വകുപ്പിനേക്കാളും മുഖ്യമന്ത്രി ഇഷ്‌ടപ്പെട്ട് ഏറ്റെടുത്തത് തുറമുഖമാണ്. ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ‘എന്റെ ഡ്രീം പ്രോജക്ട് ആയതു കൊണ്ടാണ് പോര്‍ട്ട് എടുത്തത്’ എന്നാണ്. അദാനിയുടെ നിയമലംഘനങ്ങൾക്കെതിരെ ഒട്ടേറെ തവണ നോട്ടീസ് നൽകിയ "വിസി'ൽ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതും അജൻഡയുടെ ഭാഗം.
ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നാണ് ജൂലൈ ഒന്നിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. അന്ന് വൈകിട്ട് അഞ്ചിന് അദാനിയുടെ കത്തുകിട്ടി എന്നും മുഖ്യമന്ത്രി പറയുന്നു.
എന്നാൽ, ജൂൺ 11ന് ചുമതലയേറ്റ എംഡിയുടെ അറിവിൽ ഓഹരി കൈമാറ്റമുണ്ട്. മാത്രമല്ല, ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസിലും മൂന്നിന് മാതൃഭൂമിയിലും ഇതുസംബന്ധിച്ച വാർത്തയും വന്നു.
സ്വന്തം വാർത്തകളും മറച്ച് മാധ്യമങ്ങൾ
വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ദേശാഭിമാനിയെ പഴിചാരി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രമത്തിൽ സ്വന്തം വാർത്തകളെ പോലും തള്ളി മാധ്യമങ്ങൾ. സതീശന്റെ ആക്ഷേപം മിനിട്ടുകൾക്കകം പൊളിഞ്ഞെങ്കിലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങൾ മാധ്യമങ്ങൾ മനഃപൂർവം അവഗണിച്ചു.
ഓഹരിവിൽപ്പനയും സതീശന്റെ മംഗളൂരു യാത്രയുമായുള്ള ബന്ധമാണ് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മെയ് ഒന്നിന് അദാനി ഗ്രൂപ്പിന്റെ ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലേക്ക് നടത്തിയ സതീശന്റെ യാത്രയിലെ ദുരൂഹത തുടരുകയാണ്. സന്ദർശനത്തെ കർണാടകത്തിലെ കോൺഗ്രസ് നേതാക്കളും എതിർത്തിരുന്നു.
പിആർഡി സംവിധാനം ഒപ്പമുണ്ടായിട്ടും ഏതൊക്കെ പത്രങ്ങളിൽ വാർത്തവന്നു എന്നറിഞ്ഞില്ലെന്ന സതീശന്റെ വാദം വിശ്വസനീയമല്ല. ഇൗ വസ്‌തുതകൾ മറച്ചുവച്ചാണ് നേരത്തെ നൽകിയ സ്വന്തം വാർത്തകളെ പോലും തള്ളി യുഡിഎഫ് അനുകൂല മാധ്യമങ്ങൾ സതീശനെ ന്യായീകരിക്കാൻ രംഗത്തെത്തിയത്.








0 comments