ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഗൃഹനാഥനെയും മകനെയും കെട്ടിയിട്ട് മര്‍ദനം; പ്രതികള്‍ കാണാമറയത്ത്

കിളിമാനൂര്‍
അച്ഛനെയും മകനെയും ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ പ്രതികള്‍ മൂന്നുദിവസമായി ഒളിവില്‍. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ സുധീഷ്, ആരോമല്‍, ലാല്‍കൃഷ്ണ, അരുണ്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ലുക്കൗട്ട് നോട്ടീസാണ് പുറത്തിറക്കിയത്. കൊല്ലം ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വടശേരിക്കോണം ആര്യഭവനില്‍ അനില്‍കുമാര്‍ (51), മകന്‍ അച്ചു (21) എന്നിവരെയാണ് പ്രതികള്‍ വെള്ളല്ലൂര്‍ വട്ടവിളയിലെ പണിപൂര്‍ത്തിയാകാത്ത വീട്ടിലെത്തിച്ച് മര്‍ദിച്ചത്. അനില്‍കുമാറിന്റെ മകളെ മുഖ്യപ്രതി സുധീഷിന് വിവാഹം ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യത്തിലായിരുന്നു മര്‍ദനം. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഇടിമുറിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. പ്രതികളായ നാലുപേരും ബൈക്ക് ഉപേക്ഷിച്ച് ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍, മടത്തറ, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചിൽ നടത്തി. അന്വേഷകസംഘം മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്.









0 comments