വിഴിഞ്ഞത്തെത്തിയ വിദേശകപ്പലിന്റെ നിയന്ത്രണം നഷ്ടമായി; ആഴക്കടലിലേക്ക് ഒഴുകിപ്പോയ കപ്പലിനെ ടഗ്ഗ് ബോട്ടുകൾ രക്ഷപ്പെടുത്തി

തിരുവനന്തപുരം: അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കാൻ എത്തിയ വിദേശ കപ്പലിന്റെ നിയന്ത്രണം നഷ്ടമായി ആഴക്കടലിലേക്ക് ഒഴുകിപ്പോയതായി റിപ്പോർട്ട്. എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽ നിയന്ത്രണം വിട്ടത്. കൊളംബോയിൽ നിന്ന് ചരക്കുകളുമായി വിഴിഞ്ഞം തുറമുഖത്ത് എത്തിയ എംവി-കൈമിയ II എന്ന കപ്പലാണ് നിയന്ത്രണം വിട്ട് ഒഴുകിപ്പോയത്.
ഒക്ടോബർ 27-ന് രാത്രി തുറമുഖത്ത് അടുക്കാൻ കാത്തുകിടക്കുമ്പോൾ കപ്പലിലെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം നിലച്ചു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഒക്ടോബർ 28-ന് രാവിലെയോടെ പ്രധാന എൻജിന്റെ പ്രവർത്തനവും പൂർണ്ണമായും നിലച്ചു.
എൻജിൻ പ്രവർത്തനരഹിതമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ ശക്തമായ കടൽ പ്രവാഹത്തിൽപ്പെട്ട് തുറമുഖ പരിധിയിൽ നിന്ന് തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ഇതിനെത്തുടർന്ന് സാങ്കേതിക വിദഗ്ദ്ധർ കപ്പലിൽ കയറി എൻജിന്റെ തകരാറുകൾ ഭാഗികമായി പരിഹരിച്ചു.
തുടർന്ന് ടഗ്ഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ സുരക്ഷിതമായി തുറമുഖ ബെർത്തിലേക്ക് അടുപ്പിച്ചു. ഈ സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനറേറ്ററുകൾ തകരാറിലായ സാഹചര്യവും എൻജിൻ നിലയ്ക്കാൻ ഉണ്ടായ കാരണങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.









0 comments