ചരക്ക് കൈമാറ്റത്തിലും ഞെട്ടിച്ച് വിഴിഞ്ഞം

vizhinjam
വെബ് ഡെസ്ക്

Published on Aug 29, 2025, 12:56 PM | 2 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായി ഒൻപതുമാസത്തിനുള്ളിൽ കൈകാര്യം ചെയ്തത് 10 ലക്ഷം കണ്ടെയ്‌നറുകൾ. വൻകിട തുറമുഖങ്ങൾ ഒരു വർഷത്തിൽ അധികം കാലമെടുത്ത് കൈവരിച്ച നേട്ടമാണ്. വിഴിഞ്ഞം ഇതിനെ മറികടന്നു. പ്രവർത്തന സജ്ജമായി ഒൻപതുമാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ മറികടക്കുന്ന ദക്ഷിണേഷ്യയിലെതന്നെ ആദ്യത്തെ തുറമുഖമായി.


ചരക്കുകൾക്ക് മേൽ ജിഎസ്ടി ഇനത്തിൽ വിഴിഞ്ഞത്തു നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന വരുമാനം സെപ്തംബറോടെ 75 കോടി കവിയും. ജൂലായ് 31 വരെ 908040 കണ്ടെയ്‌നറാണ് തുറമുഖം കൈകാര്യം ചെയ്തത്. 419 കപ്പലുകളാണ് വന്നുപോയത്.


തുറമുഖം ഏകദേശം 1.012 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു. ആദ്യ വർഷത്തിൽ 300,000 ടിഇയു എന്ന പ്രാരംഭ ലക്ഷ്യത്തിന്റെ മൂന്നിരട്ടിയാണിത്. എംഎസ്‌സി ഐറിന പോലുള്ള 399.99 മീറ്റർ വരെ നീളമുള്ള 27 അൾട്രാ-ലാർജ് കണ്ടെയ്നർ വെസ്സലുകൾ (യുഎൽസിവി) ഡോക്ക് ചെയ്തിട്ടുണ്ട്.


2025 ജൂലൈയിൽ മാത്രം, വിഴിഞ്ഞം 81,000 ഇറക്കുമതി കണ്ടെയ്‌നറുകളും 67,000 കയറ്റുമതി കണ്ടെയ്‌നറുകളും കൈകാര്യം ചെയ്തിരുന്നു. ആഗോളതലത്തിൽ കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളിൽ 96-ാം സ്ഥാനം നേടി. കൊൽക്കത്ത (218), കാട്ടുപ്പള്ളി (204), തൂത്തുക്കുടി (194) തുടങ്ങിയ നിരവധി പ്രധാന ഇന്ത്യൻ സമകാല തുറമുഖങ്ങളെ മറികടന്നു.


പൂർണ്ണ തുറമുഖം


സ്റ്റംസ് ക്ലിയറൻസ്, കണ്ടെയ്നർ കൈകാര്യം ചെയ്യൽ, സംഭരണം, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സജ്ജമായി EXIM മാതൃക സാധ്യമാവുന്നതോടെ കേരളത്തിനും വൻ കുതിപ്പ് നൽകും. രാജ്യത്തെ കയറ്റ് ഇറക്കുമതി സാധ്യതകളുടെ 40 ശതമാനം വരെ പ്രവചിക്കുന്നവരുണ്ട്. മൂന്ന് നാല് വർഷത്തിനുള്ളിൽ EXIM-Transshipment അനുപാതം 40:60 എത്തുമെന്നാണ് പ്രതീക്ഷ.


സെമി ഓട്ടമാറ്റിക് ക്രെയിനുകളുടെ പ്രവർത്തനം കണ്ടെയ്നറുകൾ വേഗത്തിൽ കൈാര്യം ചെയ്യുന്നതിൽ കുതിപ്പിന് സഹായിച്ചു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ജേഡ് സർവീസും ആഫ്രിക്കൻ സർവീസും വിഴിഞ്ഞം തുറമുഖം വഴിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതോടെ ചരക്കുനീക്കത്തിന് വേഗം വർധിച്ചു.


എംഎസ്‌സിയുടെ ഗ്ലോബൽ ഷിപ്പിങ് റൂട്ടിൽ വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയതും സഹായകമായി. കൊളംബോ, സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വമ്പൻ കപ്പലുകൾ വരെ വിഴിഞ്ഞത്തെത്തി. അൾട്രാ ലാർജ് വെസൽസ് ഗണത്തിൽപ്പെടുന്ന 400 മീറ്റർ നീളമുള്ള മദർഷിപ്പുകൾ വിജയകരമായി ചരക്ക് കൈമാറിയതും പ്രചാരണ കുതിപ്പ് നൽകി.


യൂസർഫീ ഇനത്തിൽ അദാനി ഗ്രൂപ്പിന് 384 കോടി രൂപയാണ് ലഭിച്ചത്. ഇതിന്റെ 18 ശതമാനമാണ് ജിഎസ്ടിയായി സർക്കാരിനു ലഭിക്കുക. തുറമുഖം പ്രവർത്തിക്കുന്നതിനും ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവിന്റെ നികുതിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. നികുതിവരുമാനം മാത്രമാണ് സർക്കാരിന് ഇപ്പോൾ ലഭിക്കുക. കരാർ പ്രകാരം 2036 മുതൽ വരുമാനത്തിന്റെ വിഹിതവും ലഭിച്ച് തുടങ്ങും.


കപ്പലുകളിൽനിന്നു കപ്പലുകളിലേക്കു ചരക്കു കൈകാര്യം ചെയ്യുന്ന ട്രാൻസ്ഷിപ്‌മെന്റ് ആണ് വിഴിഞ്ഞത്ത് നടക്കുന്നത്. റോഡ്, റെയിൽ കണക്ടിവിറ്റി ഒരുങ്ങുന്നതോടെ കരയിലേക്കുള്ള കയറ്റിറക്കവും കൈമാറ്റവും തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home