വിഴിഞ്ഞം നമ്പർ വൺ

സുനീഷ് ജോ
Published on May 20, 2025, 02:25 AM | 2 min read
തിരുവനന്തപുരം
രാജ്യത്തെ ദക്ഷിണ, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് കൈകാര്യത്തിൽ തുടർച്ചയായി മൂന്നാംമാസവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നമ്പർ വൺ. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നറാണ് കൈകാര്യം ചെയ്‌തത്. രണ്ടാംസ്ഥാനത്ത് ചെന്നൈ തുറമുഖം, 84,553 ടിഇയു. മാർച്ചിൽ 1,08,770 ടിഇയുവും, ഫെബ്രുവരിയിൽ 78,833 ടിഇയുവും ആയിരുന്നു വിഴിഞ്ഞത്തെ ചരക്കുനീക്കം. ശരാശരി 50 കപ്പൽ പ്രതിമാസമെത്തുന്നു.
കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടെയ്‌നർ കൈകാര്യം ചെയ്‌തത് മഹാരാഷ്‌ട്രയിലെ ഭാരത് മുംബൈ കണ്ടെയ്‌നർ ടെർമിനലാണ്. 2,29,848 ടിഇയു. കിഴക്കൻ സോണിലെ ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കം അദാനി കൊൽക്കത്ത തുറമുഖത്തായിരുന്നു. 52,104 ടിഇയു. പടിഞ്ഞാറൻ സോണിൽപ്പെടുന്ന അദാനിയുടെ മുന്ദ്രയിൽ 87,051 ടിഇയുവായിരുന്നു കൈകാര്യം ചെയ്‌തത്.
2024 ജൂലൈ 11 മുതൽ ഇതുവരെ വിഴിഞ്ഞത്ത് 314 കപ്പലെത്തി. ഇവയിൽനിന്ന് 6.60 ലക്ഷം കണ്ടെയ്‌നർ നീക്കി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എംഎസ്‍സി ഐറിന ക്ലാസിലെ രണ്ടാമത്തെ കപ്പൽ എംഎസ്‍സി മിഷേൽ കപ്പെല്ലിനി ഒരാഴ്‌ചമുമ്പ് വിഴിഞ്ഞത്ത് വന്നിരുന്നു. 399.9 മീറ്റർ നീളവും 61.3 മീറ്റർ ആഴവുമുള്ള കപ്പെല്ലിനിക്ക് 24346 ടിഇയു ശേഷിയുണ്ട്. എംഎസ്‍സിയുടെ ആഫ്രിക്ക എക്‌സ്‌പ്രസ് സർവീസിന്റെ ഭാഗമായിരുന്നു കപ്പെല്ലിനി. ഏപ്രിലിൽ ഈ ശൃംഖലയിലെ എംഎസ്‍സി തുർക്കിയും വിഴിഞ്ഞത്ത് എത്തിയിരുന്നു. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള എംഎസ്‌സിയുടെ ജേഡ് സർവീസുപോലെ ആഫ്രിക്കയുടെ കിഴക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഫ്രിക്കൻ സർവീസും തുറമുഖത്തെ സജീവമാക്കുകയാണ്.
വികസനക്കൊടി
സ്വതന്ത്ര ഇന്ത്യയുടെ സമ്പദ്‌ഘടന മാറ്റിമറിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ യാഥാർഥ്യമായത്. ഒന്നാംഘട്ട ചെലവിലെ 8,686 കോടി രൂപയിൽ കേരളം 5,370.86 കോടി മുടക്കി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡ് ചെലവഴിച്ചു. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് (വിജിഎഫ്) കേന്ദ്രം നൽകുക. അതും വായ്‌പയായി. ആദ്യഘട്ടത്തിലെ പ്രതിവർഷ കൈാര്യശേഷി 12 ലക്ഷം ടിഇയുവാണ്. 2028 ഡിസംബറിന് മുമ്പ് തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണം പൂർത്തീകരിക്കും.
ലോകോത്തരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾകൂടി മുൻനിർത്തിയാണ് പോർട്ട് കണക്ടിവിറ്റി ഉൾപ്പടെ 17 ദേശീയപാത പദ്ധതികൾ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. 20 വർഷം മുന്നിൽക്കണ്ടുള്ള പദ്ധതികളാണിവ. അടുത്തവർഷത്തോടെ കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള ദേശീയപാത 66 വികസനം പൂർത്തിയാക്കും. കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലവരെ നീളുന്ന 793.68 കിലോമീറ്റർ മലയോര പാതയുടെ 250 കിലോമീറ്റർ പണി പൂർത്തിയായി.
ലെവൽക്രോസില്ലാത്ത കേരളത്തിന്റെ ഭാഗമായി നാല് റെയിൽവേ മേൽപ്പാലം രണ്ടുമാസത്തിനുള്ളിൽ തുറക്കും. പൊതുമരാമത്തിന്റെ രൂപകൽപ്പന നയം നടപ്പാക്കാൻ പ്രത്യേകം ഡിസൈൻ ലാബുകളും ഇൻകുബേഷൻ സെന്ററുകളും തുടങ്ങും.









0 comments