print edition മുഴുവൻ പേർക്കും സെൻസസ്; മാരിടൈം ബോർഡിന്റെ തുറമുഖം അടച്ചിടേണ്ടി വരും

കോവളം: അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ട, രാജ്യാന്തര സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയ വിഴിഞ്ഞം തുറമുഖത്തെ മുഴുവൻ ജീവനക്കാരെയും സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവ്.
ഇതോടെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട വിഴിഞ്ഞത്തെ മാരിടൈം ബോർഡിനുകീഴിലെ തുറമുഖവും ഓഫീസും അടച്ചിടേണ്ട അവസ്ഥയായി. വിഷയം ചൂണ്ടിക്കാണിച്ച് കത്ത് നൽകിയിട്ടും കോർപറേഷൻ അധികൃതർ വിവേചനപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിലെ നിരവധി ഓഫീസുകളെ സെൻസസ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയാണ് തുറമുഖ ജീവനക്കാരെ നിയോഗിച്ചത്. തുറമുഖ ഓഫീസിൽ ഒമ്പത് ജീവനക്കാരാണുള്ളത്. മുഴുവൻപേർക്കും ഡ്യൂട്ടി ഉത്തരവ് ലഭിച്ചു.
വിഴിഞ്ഞം തുറമുഖത്ത് നാഷണൽ സെക്യൂരിറ്റി ഇന്റർനാഷണൽ സെക്യൂരിറ്റി എന്നിവ നടപ്പാക്കിയിട്ടുള്ളതിനാലും യുദ്ധസമാനമായ സെക്യൂരിറ്റി അലർട്ട് നിലനിൽക്കുന്നതിനാലും ജീവനക്കാരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് കത്തുവഴി അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ഓഫീസ് മേധാവി ഉൾപ്പെടെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ഉത്തരവ്. ഗുരുതര സുരക്ഷാവീഴ്‌ച സംഭവിക്കാനും ഇടയാകും. സുരക്ഷാ സംബന്ധമായ ചുമതലകളുള്ള ജീവനക്കാരെ സെൻസസ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ അധികൃതർ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.










0 comments