ഐടി, ഐടി അനുബന്ധ സേവനം, ബഹിരാകാശ, ശാസ്‌ത്ര, സാങ്കേതിക മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനാകും
വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാമുനമ്പ് ; വികസന ഹബ്ബാകും

തിരുവനന്തപുരം
വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാമുനമ്പ് പദ്ധതി മൂന്നുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളും ഉറപ്പാക്കും. സംസ്ഥാന ബജറ്റിൽ വിഴിഞ്ഞം തുറമുഖ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതി ധനമന്ത്രി കെ എൻ ബാലഗോപാൽ മുന്നോട്ടുവച്ചിരുന്നു.
കൊല്ലം-ചെങ്കോട്ട ദേശീയപാത, കൊല്ലം–ചെങ്കോട്ട റെയിൽപാത, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം–കൊല്ലം ദേശീയപാത, പുനലൂർ–നെടുമങ്ങാട്–വിഴിഞ്ഞം റോഡ് എന്നിവയാണ് വളർച്ചാമുനമ്പിന്റെ മൂന്നുവശങ്ങൾ. ഗതാഗത ഇടനാഴി വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, പ്രാദേശിക തൊഴിലവസരം സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ കാതൽ. കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, സുസ്ഥിര കാർഷികരീതികൾ എന്നിവവഴി വിളകളുടെ ഉൽപ്പാദനക്ഷമതയും മൂല്യവർധനയും പ്രോത്സാഹിപ്പിക്കും.
ഐടി, ഐടി അനുബന്ധ സേവനം, ബഹിരാകാശ, ശാസ്‌ത്ര, സാങ്കേതിക മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനാകും. പദ്ധതി പ്രദേശങ്ങൾ വ്യാപാര കേന്ദ്രമാകും. കാലാവസ്ഥാ സാഹചര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ പുനരുപയോഗ ഊർജ പദ്ധതി വികസന സാധ്യതകളുമുണ്ട്.
ടൂറിസം സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും മെഡിക്കൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ നേട്ടം കൈവരിക്കാം. പ്രാദേശിക, തീരദേശ വിഭവങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം വർധിപ്പിക്കും. നാട്ടിൻപുറങ്ങളിലും വലിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാകും. തൊഴിൽശേഷി ഉപയോഗപ്പെടുത്തി വിവിധ തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഘടക നിർമാണ യൂണിറ്റും അസംബ്ലിങ് യൂണിറ്റും തുടങ്ങാം. പുതിയ സ്‌റ്റാർട്ടപ്പുകൾക്ക് അവസരമൊരുങ്ങും. എല്ലാ മേഖലയ്‌ക്കും പങ്കാളിത്തമുള്ള ഉൽപ്പാദന യുണിറ്റുകളുടെ വലിയ ശൃംഖല രൂപപ്പെടും.









0 comments