വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന ബാധ്യത വിഴിഞ്ഞത്തിന് മാത്രം

vizhinjamport
വെബ് ഡെസ്ക്

Published on Mar 11, 2025, 06:50 PM | 2 min read

ന്യൂഡൽഹി: വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് (വിജിഎഫ്) ഇനത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നൽകിയ തുകകൾ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.


കേന്ദ്രം നാളിതുവരെ രാജ്യത്ത് 71 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് സഹായം നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ തന്നെ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടി നൽകിയിരുന്നു. എന്നാൽ ആ മറുപടിയിൽ ഇത്തരം വിജിഎഫ് നൽകിയ പദ്ധതികളിൽ ഏതൊക്കെ പദ്ധതികൾക്കാണ് ഇത് തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ വെച്ചിരുന്നത് എന്നുള്ള ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാതെ കേന്ദ്രം ഒഴിഞ്ഞുമാറുകയും ചെയ്തു. എന്നാൽ ഇത്തവണയും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് പ്രോജക്റ്റിന് മാത്രമാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് നൽകിയപ്പോൾ പ്രീമിയം തുക കേന്ദ്രവുമായി പങ്കിടണമെന്ന അധിക നിബന്ധന ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്രം വെളിപ്പെടുത്തിയത്.


മറ്റു സംസ്ഥാനങ്ങളിലുള്ള നിരവധി പ്രോജക്റ്റുകൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് നൽകിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും തന്നെ ബാധകമാക്കാത്ത ഇത്തരമൊരു നിബന്ധന വിഴിഞ്ഞം പദ്ധതിക്കുമേൽ മാത്രം ചുമത്തിയത് തികച്ചും അന്യായവും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വെളിവാക്കുന്നതുമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര വിഹിതമായ 818.80 കോടി രൂപയ്ക്ക് സമാനമായ തുക കേരളത്തിന്റെ വിഹിതമായി സംസ്ഥാനം നൽകുന്നുണ്ട്. എന്നാൽ കേന്ദ്രം നൽകുന്ന വിഹിതത്തിന് പകരമായി 2034 മുതൽ എന്ന് വരെയാണോ കേന്ദ്രം നൽകുന്ന ഈ 818.80 കോടി രൂപ നെറ്റ് പ്രെസന്റ് വാല്യൂ ടേമിൽ അടച്ചു തീരുന്നത് അന്നുവരെ പ്രതിവർഷം തുറമുഖ ഓപ്പറേറ്റർ നൽകുന്ന തുകയുടെ 20 ശതമാനം കേരളം കേന്ദ്രത്തിലേയേക്ക് തിരിച്ചടക്കണമെന്നുള്ള ഒരു വിചിത്ര വ്യവസ്ഥയാണുള്ളത്.


ഈ വ്യവസ്ഥ പ്രകാരം 2034 മുതൽ തിരിച്ചടവ് തുടങ്ങിയാൽ ഏകദേശം 12,000 കോടി രൂപയോളം കേരളം കേന്ദ്രത്തിലേയ്ക്ക് തിരിച്ചടക്കേണ്ടി വരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. അതായത് ഭീമമായ തുകയുടെ ബാധ്യത കേരളത്തിന് അടിച്ചേൽപ്പിക്കുന്നു എന്ന് സാരം. എന്നാൽ കേരളത്തിന് വളരെ അടുത്തുള്ള തൂത്തുക്കുടി പദ്ധതിക്ക് ഇത്തരത്തിൽ അധിക ബാധ്യത ഉണ്ടാകുന്ന പ്രീമിയം കേന്ദ്രവുമായി പങ്കുവെയ്ക്കണമെന്നുള്ള നിബന്ധന ഇല്ല എന്നുള്ളത് കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന കൂടുതൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home