നിക്ഷേപിക്കുന്നത്‌ 10,000 മുതൽ 15,000 കോടിവരെ ; നവംബർ അഞ്ചിന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണം തുടങ്ങുന്നു ; കേരളത്തിന്റെ സമ്പദ്‌ഘടന കുതിക്കും

Vizhinjam International Seaport second phase
വെബ് ഡെസ്ക്

Published on Oct 12, 2025, 03:09 AM | 1 min read


തിരുവനന്തപുരം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്‌ നവംബർ അഞ്ചിന്‌ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. രണ്ടുമുതൽ നാലുവരെ ഘട്ടം ഒന്നിച്ചാണ്‌ നടപ്പാക്കുക. 2028 ഡിസംബറിനകം പ‍ൂർത്തീകരിക്കും. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ്‌ നിർമാണം നടത്തുന്ന അദാനി പോർട്ട്‌ മുടക്കുക. ഇ‍ൗ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട്‌ പണംമുടക്കേണ്ടതില്ല. പിപിപി പദ്ധതിയിൽ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നിക്ഷേപമാണ്‌ ഇതിലൂടെ വരാൻ പോകുന്നത്‌. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കുതിച്ചുചാട്ടമുണ്ടാകും.


​1200 മീറ്റർ ബെർത്തിന്റെ നിർമാണവും ക്രെയിനുകളും സ്ഥാപിക്കൽ, ഒരുകിലോമീറ്റർ പുലിമുട്ട്‌ നിർമാണം, കണ്ടയ്നർ യാർഡിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത്‌ നിർമാണം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബെർത്തുകളുടെ (പുലിമുട്ടിനോടനുബന്ധിച്ച്‌) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 ഹെക്ടർ ഭൂമി സൃഷ്ടിക്കൽ എന്നിവയാണ്‌ രണ്ടാംഘട്ടത്തിലുള്ളത്‌. ഇത്‌ പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും. ഒന്നാംഘട്ടത്തിൽ കുറഞ്ഞ സ്ഥാപിതശേഷി 10 ലക്ഷം കണ്ടയ്‌നറായി
രുന്നു.


2024 ജൂലൈ 11 മുതൽ പ്രവർത്തനം ആരംഭിച്ച തുറമുഖത്ത്‌ ശനിവരെ 525 കപ്പലുകൾ എത്തി. ഇതിൽനിന്നായി 11.50 ലക്ഷം കണ്ടയ്‌നർ കൈകാര്യംചെയ്‌തു. രാജ്യത്തുതന്നെ കൂറ്റൻ മദർഷിപ്പുകൾക്ക്‌ അനായാസം വന്നുപോകാൻ കഴിയുന്ന തുറമുഖമായി ഇതിനകം അന്തർദേശീയ ശ്രദ്ധ നേടി.


ചരക്കുഗതാഗത രംഗത്തെ ഒന്നാംസ്ഥാനത്തുള്ള മെഡിറ്ററേനിയൻ ഷിപ്പിങ്‌ കന്പനിയുടെ യൂറോപ്യൻ, ആഫ്രിക്കൻ സർവീസുകൾ എത്തുന്ന ഇന്ത്യയിലെ ഏകതുറമുഖമാണിത്‌. രണ്ടാംഘട്ടം പൂർത്തിയാകുന്പോഴേക്കും ചരക്ക്‌ നീക്കത്തിനായി റെയിൽകണക്ടിവിറ്റിയും യാഥാർഥ്യമാകും. റോഡ്‌വഴിയുള്ള ചരക്കുനീക്കത്തിനുള്ള സ‍ൗകര്യം ഉടൻ ഒരുങ്ങും. 
ഇതിനുള്ള ഗേറ്റ്‌ വേ കാർഗോ സംവിധാനമൊരുക്കൽ അന്തിമഘട്ടത്തിലാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Home