ഒമ്പത് മാസം, 10 ലക്ഷം കണ്ടെയ്നറുകൾ; ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം

vizhinjam port
വെബ് ഡെസ്ക്

Published on Aug 27, 2025, 08:56 PM | 1 min read

തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം, ദേവസ്വം, സഹകരണം മന്ത്രി വി എൻ വാസവൻ. സംസ്ഥാന സർക്കാരിന്റെയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ഏജൻസികളുടേയും ഷിപ്പിങ് കമ്പനികളുടെയും പൂർണ പിന്തുണയും അദാനി വിഴിഞ്ഞം പോർട്ടിന്റെ കാര്യക്ഷമമായ പ്രവർത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാൻ വഴിയൊരുക്കിയതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.


കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


2024 ഡിസംബർ 3-നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ഡിസംബർ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 399.99 മീറ്റർ വരെ നീളമുള്ള 27 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ (യുഎൽസിവി) ഉൾപ്പെടെ 460-ലധികം കപ്പലുകൾ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ആയ എംഎസ്‍സി ഐറിന അടക്കം ദക്ഷിണേഷ്യയിൽ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും കൂട്ടത്തിലുണ്ട്. കൊളംബോ, സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയത്.


യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്. വിഴിഞ്ഞത്തിന്റെ സ്വപ്നതുല്യമായ ഈ നേട്ടം കേരളത്തിനു മാത്രമല്ല, ഇന്ത്യയുടെ സമുദ്ര വാണിജ്യ മേഖലയുടെ പുരോഗതിയുടെ അളവുകോലായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശ തുറമുഖങ്ങളിൽ നിന്ന് ട്രാൻഷിപ്മെന്റ് നടത്തുന്നതിലൂടെ ചെലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കി. തുറമുഖത്തിന്റെ റോഡ്, റെയിൽ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home