'വിഷൻ 2031' കേരള ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്താണ് വിഷൻ 2031 കോൺഫറെൻസ് അവസാനിക്കുന്നതെന്ന് പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്‌ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ധരെയും പ്രതിഭകളേയും സാങ്കേതിക വിദഗ്ധരെയും ഒരു കുടക്കാഴിൽകൊണ്ടുവന്ന് ചർച്ച നടത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ ചർച്ച നടക്കരുത് എന്ന് ആഗ്രഹിച്ചു. ചർച്ചയിലെത്തേണ്ട ചില അഥിതികളെ തടയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ അതൊന്നും വിഷൻ 2031നെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചകളുടെ ആഴം കൊണ്ടും അതിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ദീർഘദർശത്വംകൊണ്ടും കോൺഫറെൻസ് ശ്രദ്ദേയമായി. ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളും നിർദേശങ്ങളും വരും കാലത്തെ കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്ക് അടിത്തറയാകും. ഇത്തരം സംവാദങ്ങൾ കേരളത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിഭകളുടെ അറിവും അനുഭവവും കേരളത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാമെന്ന് ഇപ്പോൾ കേരളീയ സമൂഹത്തിന് ബോധ്യമായി. സമാനതകളില്ലാത്ത പല കാര്യങ്ങളിലും പുതുമയുള്ള സമ്മേളനമായിരുന്നു ഇത്. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും പിരിയുന്നത് വലിയ ചാരുഥാർഥ്യത്തോടെയെന്ന് ഉറപ്പാണ്.
സമ്മേളനത്തിൽ പങ്കെടുത്ത ഓരോരുത്തരുടേയും മനസിൽ കേരളത്തെക്കുറിച്ചുള്ള ധാരണയും വിപുലമായി. കേരളീയരുടെ ആത്മവിശ്വാസമുയർത്താൻ ഇത്തരം പ്രതിഭകളുടെ സംഭാവന സഹായിക്കും. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവത്കരണത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകും. സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രവർത്തിക്കും.
നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമ നിർമാണ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഗവേഷണം ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയാറാക്കും, നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. യോഗ്യമായ ആശയങ്ങളെ പ്രൊജക്ടുകളാക്കി മാറ്റി വിവിധ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കും. അതിലൂടെ ഐക്യ കേരളം പിറവികൊണ്ടതിന്റെ 75ാം വാർഷികത്തിൽ നമ്മൾ വിഭാവനം ചെയ്ത നവകേരളത്തിലേക്ക് എത്തിച്ചേരും. അതിന്റെ അടിത്തറയാകുന്ന ആശയങ്ങൾക്ക് ഊടും പാവും നെയ്ത സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
നയരൂപീകരണം എന്നത് ഒരു അടഞ്ഞ പ്രക്രിയയല്ല.അത് സമൂഹവും ഭരണകൂടവും തമ്മിലുള്ള നിരന്തരമായ സംവാദം വഴി രൂപപ്പെടുന്ന ഒന്നാണ്. വിഷൻ 2031 വെറുമൊരു സാങ്കേതിക രേഖയ്ക്കപ്പുറം എല്ലാവരുടെയും പങ്കാളിത്തത്തോടെ രൂപപ്പെടുത്തുന്ന വികസന ചട്ടക്കൂടാണ്. സാമ്പത്തിക വിദഗ്ധർ മുതൽ സാധാരണ പൗരന്മാർ വരെ വികസന പ്രക്രിയയിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയിൽ ഊന്നിയുള്ള തുടർച്ചയായ പുതുക്കലിന്റെ ചരിത്രമാണ് കേരളത്തിന്റെ വികസനം. വിപണികൾക്ക് മാത്രം സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയില്ലെന്നും പൊതു പ്രവർത്തനം ഇതിന് അത്യാവശ്യമാണെന്നും കേരളം വിശ്വസിക്കുന്നു.
2025 നവംബറിൽ ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ദീർഘകാല പൊതുനിക്ഷേപത്തിന്റെ ഫലമാണ്. ഇനി വെറും അടിസ്ഥാന സേവനങ്ങൾ നൽകുക എന്നതല്ല ലക്ഷ്യം, മറിച്ച് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ്.സാമൂഹിക പ്രതിബദ്ധത കൈവിടാതെ തന്നെ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും കേരളം ലക്ഷ്യമിടുന്നു.
1996-ലെ ജനകീയാസൂത്രണം മുതൽ കേരളത്തിന്റെ വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മുനിസിപ്പൽ, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും.
വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ സാമൂഹിക ഐക്യമാണ്. മതേതരത്വം കേരളത്തിന്റെ വലിയൊരു സാമ്പത്തിക ആസ്തിയാണ്. വർദ്ധിച്ചുവരുന്ന ധ്രുവീകരണത്തിനിടയിലും കേരളം പുലർത്തുന്ന മതേതര സ്വഭാവം വികസനത്തിന് കരുത്തേകുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ പരിമിതപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകളുയരുന്നുണ്ട്. സഹകരണ ഫെഡറലിസം പ്രാവർത്തികമാകാൻ സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം. പരിമിതികൾക്കിടയിലും ക്ഷേമപദ്ധതികൾക്കും പൊതുസേവനങ്ങൾക്കും മുൻഗണന നൽകുന്ന സമീപനം കേരളം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments