'വിഷൻ 2031'; അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ജനാധിപത്യ മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന 'വിഷൻ 2031' വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കോൺഫറൻസിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു.
ഫെബ്രുവരി 15-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കും.
ഫെബ്രുവരി 16, 17 തീയതികളിൽ ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി 14 ജില്ലകളിലായി വിവിധ വകുപ്പുകൾ സംഘടിപ്പിച്ച 34 സെമിനാറുകളുടെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺഫറൻസിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കേരളത്തിന്റെ ഭാവി വികസന പാതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും കോൺഫറൻസ് വേദിയൊരുക്കും.
സമാപന സമ്മേളനത്തിൽ 'സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-നിയമ പ്രതിഭകൾ സമാപന ചടങ്ങിൽ പങ്കെടുക്കും.









0 comments