print edition പടുത്തുയർത്തും നവകേരളം ; സംവാദങ്ങൾക്കും പുത്തനാശയങ്ങൾക്കും വേദിയായി ‘വിഷൻ 2031


ബിജോ ടോമി
Published on Feb 17, 2026, 02:25 AM | 1 min read
തിരുവനന്തപുരം
കേരളം കൈവരിച്ച നേട്ടങ്ങളുടെ വിലയിരുത്തൽ, മാറ്റങ്ങൾ സംബന്ധിച്ച നിർദേശം, ആഗോള മാതൃകകളുടെ അവതരണം... സംവാദങ്ങൾക്കും പുത്തനാശയങ്ങൾക്കും വേദിയായി സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്‌ട്ര കോൺഫറൻസിലെ സെമിനാറുകൾ. രൂപംകൊണ്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെയാകണം എന്നതിന് ആശയം രൂപീകരിക്കാൻ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കോൺഫറൻസ് സജീവ ചർച്ചകളാൽ സമ്പന്നം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും വിവേചനത്തിനുമെതിരെ കേരളം ഉയർത്തുന്ന ബദൽ നയങ്ങൾ പ്രശംസിക്കപ്പെട്ടതിന് ഒപ്പം കേന്ദ്രനിലപാടിലെ ആശങ്കകളും പങ്കുവയ്‌ക്കപ്പെട്ടു. തിങ്കളാഴ്‌ച ഒമ്പത് വേദികളിലായി 18 വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.
തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളടക്കം ചർച്ചയായ ‘തൊഴിലാളികളുടെ അവകാശങ്ങൾ’ സെമിനാറിൽ ജസ്റ്റിസ് കെ ചന്ദ്രു, ഡോ. സുക്തി ദാസ്ഗുപ്ത, ഐഎൽഒ ഡൽഹി മേധാവി മിചിക്കോ മിയാമോട്ടോ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളിലൂടെ കേരളം മാതൃക സൃഷ്‌ടിക്കുന്നുവെന്ന ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ വിദ്യാഭ്യാസ വിദഗ്ധ ഡോ. ജോന്ന കംഗാസിന്റെ വാക്കുകൾ കേരളത്തിനുള്ള അംഗീകാരമായി. തദ്ദേശസ്ഥാപനങ്ങളിലെ സേവനം പൂർണമായും ഡിജിറ്റലാക്കുന്നത് സംബന്ധിച്ച ചർച്ചകളുമുണ്ടായി. കോൺഫറൻസ് ചൊവ്വാഴ്‌ച സമാപിക്കും.










0 comments