മതനിരപേക്ഷതയും സാമൂഹിക ഐക്യവും സുസ്ഥിര വികസനത്തിന്റെ അടിത്തറ : മുഖ്യമന്ത്രി
print edition മുന്നേറാം ഉൾക്കരുത്തോടെ ; വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപനംകുറിച്ച് നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരളത്തിന്റെ വികസന മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിച്ചും ഭാവികേരളത്തിലേക്ക് ആശയം രൂപീകരിച്ചും ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനം. രൂപംകൊണ്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെയാകണം എന്നതിനെ മുൻനിർത്തി സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 18 വിഷയങ്ങളിൽ സെമിനാർ നടന്നു. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ നാലായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ, സിപിഐ എം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, മാധ്യമപ്രവർത്തകൻ എൻ റാം, കനിമൊഴി കരുണാനിധി എംപി, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്ടർ സയീദ് അക്തർ മിർസ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, അംഗം ജിജു പി അലക്‌സ്, ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവർ സംസാരിച്ചു. ആസൂത്രണ ബോർഡ് മെമ്പർസെക്രട്ടറി ഷർമിള മേരി ജോസഫ് ചർച്ചകളുടെ സംഗ്രഹം അവതരിപ്പിച്ചു.
മതനിരപേക്ഷതയും സാമൂഹിക ഐക്യവും സുസ്ഥിര വികസനത്തിന്റെ അടിത്തറ : മുഖ്യമന്ത്രി
മതനിരപേക്ഷതയും സാമൂഹിക ഐക്യവും സുസ്ഥിര വികസനത്തിന്റെ അടിത്തറയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യവും വികസനവും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല. വികേന്ദ്രീകരണം സംസ്ഥാനത്തെ ശിഥിലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്‌തത്. 2031 ലെ കേരളം സമൃദ്ധവും നൂതനവും സ്ഥായിയായതുമാകണം എന്നതിലുപരി ജനാധിപത്യ, മതനിരപേക്ഷ സത്ത ഉൾക്കൊള്ളുന്നതാകണം– ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന് സമാപനംകുറിച്ച് ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞു.
കുറച്ചുപേർ അടച്ചിട്ട മുറിയിലിരുന്ന് നടത്തുന്നതല്ല പൊതുനയരൂപീകരണം. സർക്കാരും സമൂഹവും തമ്മിലുള്ള സംവാദത്തിലൂടെ രൂപപ്പെടുന്ന പങ്കാളിത്ത പ്രക്രിയയാണത്. കേരളത്തിന്റെ വികസനയാത്ര നേർരേഖയിലായിരുന്നില്ല. ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തുമുള്ള നിക്ഷേപങ്ങൾ, സാമൂഹികസുരക്ഷ, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങി കേരളത്തിന്റെ വികസനാനുഭവം തുടർച്ചയായ പുതുക്കലിന്റേതാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾക്കനുസരിച്ച് ഭരണസംവിധാനം വികസിക്കണം. മതനിരപേക്ഷത കേവലം ഭരണഘടനാ തത്വമല്ല, സാമൂഹിക ജീവിതരീതിയാണ്. നമ്മുടെ രാജ്യത്ത് ഉൾപ്പെടെ ലോകമെമ്പാടുമുള്ള സമൂഹങ്ങൾ ധ്രുവീകരണത്തിന് സാക്ഷിയാകുന്പോഴും സാമൂഹിക ഐക്യത്തിന് കേരളത്തിന് കഴിഞ്ഞു. സമൂഹത്തിലെ ഒരുവിഭാഗത്തെ ഒഴിവാക്കുകയോ പാർശ്വവൽക്കരിക്കുകയോ ചെയ്യുന്ന വികസനം ആത്യന്തികമായി സ്വയംതകർച്ചയിലേക്ക് നയിക്കും.
പൊതുസേവനങ്ങൾ നൽകുന്നതിലും വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലും സംസ്ഥാനങ്ങൾ പ്രധാനപങ്ക് വഹിക്കുന്പോഴും സാമ്പത്തിക സ്രോതസ് കൂടുതൽ പരിമിതമായി. ഈ പരിമിതിക്കിടയിലും ക്ഷേമം, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ എന്നിവയ്ക്ക് കേരളം മുൻഗണന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർദേശങ്ങളിൽ തുടർനടപടി
വിഷൻ 2031ലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമനിർമാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമാണ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയ്യാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. യോഗ്യമായ ആശയങ്ങളെ പ്രോജക്ടുകളാക്കി സർക്കാർ, അർധ സർക്കാർ ഏജൻസികൾ വഴി നടപ്പാക്കുമെന്നും വിഷൻ 2031 സമാപനയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിക് വിദഗ്‌ധരെയും പ്രതിഭകളെയും സാങ്കേതിക വിദഗ്‌ധരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ചർച്ച നടത്താനായതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഇൗ ചർച്ച നടക്കരുതെന്ന് ചിലർ ആഗ്രഹിക്കുന്ന നിലയുണ്ടായി. പങ്കെടുക്കാൻ വരുന്നവരെ തടയാൻ പറ്റുമോ എന്ന ശ്രമവും നടത്തി. അതൊന്നും ഒരുതരത്തിലും ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രി
പിണറായി വിജയന്
കശ്മീരി സമോവർ
സമ്മാനിക്കുന്നു










0 comments