വിഷു, ഈസ്‌റ്റർ ചന്ത; കൈപൊള്ളാതെ സഞ്ചിനിറച്ച്...

തിരുവനന്തപുരം : വിലക്കയറ്റം പിടിച്ചുനിർത്തി വിഷു, ഈസ്‌റ്റർ ചന്ത. കീശചോരാതെ സഞ്ചിനിറയെ സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ, സഹകരണ ചന്തകൾക്ക് കഴിഞ്ഞു. 1600ൽ അധികംവരുന്ന സപ്ലൈകോ ശൃംഖലകളിലും കൺസ്യൂമർഫെഡിന് കീഴിലുള്ള 170 ത്രിവേണി മാർക്കറ്റുകളിലും സാധനങ്ങൾ വേണ്ടുവോളമുണ്ടായി. പരാതിക്കിട നൽകാതെയായിരുന്നു വിതരണം. ഞായറാഴ്‌ചയും ചന്തകൾ പ്രവർത്തിച്ചു. 13 ഇന സാധനങ്ങൾ 821.80 രൂപയ്‌ക്കാണ് ലഭ്യമാക്കുന്നത്.
സപ്ലൈകോ തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചു. നാലു മുതൽ 10 രൂപ വരെ കിലോയ്‌ക്ക് കുറഞ്ഞത്. വൻകടല കിലോഗ്രാമിന് 65, ഉഴുന്ന് 90, വൻപയർ 75, തുവരപ്പരിപ്പ് 105, മുളക് 500 ഗ്രാമിന് 57.75 എന്നിങ്ങനെയാണ് ജിഎസ്ടി അടക്കം വില. സഹകരണ ചന്തയിലും വില പുനഃക്രമീകരിച്ചു.
മുൻഗണന, മുൻഗണേതര കാർഡുകൾ എന്ന വേർതിരിവില്ലാതെയായിരുന്നു 13 ഇന സബ്‌സിഡി സാധനങ്ങളുടെ വിതരണം. കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 14 ത്രിവേണി സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ 170 വിപണനകേന്ദ്രങ്ങളിലാണ് സഹകരണ ചന്ത. സബ്‌സിഡി സാധനങ്ങൾക്ക് പൊതുവിപണിയുടെ താരതമ്യം ചെയ്യുമ്പോൾ 40 ശതമാനമാണ് വിലക്കുറവ്. സബ്‌സിഡിയിതര സാധനങ്ങൾക്ക് 10 മുതൽ 35 ശതമാനംവരെയും. സപ്ലൈകോ ചന്ത 19 വരെയും സഹകരണചന്ത 21 വരെയുമാണ്. വിഷുദിനം ചന്ത പ്രവർത്തിക്കില്ല.









0 comments