ചോദിച്ച കോൺഗ്രസുകാരിക്ക് സൈബർ ആക്രമണം
print edition 'ജയിച്ചുപോയശേഷം ഇപ്പോഴാണല്ലോ വന്നത്' ; ഉത്തരംമുട്ടി വിഷ്ണുനാഥ്

കൊല്ലം
‘ജയിച്ചുപോയശേഷം ഇപ്പോഴാണല്ലൊ ഞങ്ങളെ തിരക്കിവരുന്നത്’– കുണ്ടറ എംഎൽഎ പി സി വിഷ്‌ണുനാഥിനോട് മാന്പുഴ സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിയിലെ ഷെല്ലിങ് തൊഴിലാളി ശോഭയുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എംഎൽഎ കഴിഞ്ഞ ദിവസം രാവിലെ ഫാക്ടറിയിൽ എത്തിയപ്പോഴായിരുന്നു നിരവധി തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നതിനിടയിൽ കോൺഗ്രസുകാരിയായ ശോഭയുടെ ചോദ്യം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചോദിച്ചെത്തിയശേഷം വിഷ്‌ണുനാഥിനെ കശുവണ്ടിത്തൊഴിലാളികൾ വീണ്ടും കാണുന്നത് തെരഞ്ഞെടുപ്പ് വന്നപ്പോഴാണെന്നാണ് നേരത്തെ കേരളപുരം ലക്ഷ്മൺ കാഷ്യൂ ഫാക്ടറിയിൽ 28 വർഷം ഐഎൻടിയുസി കൺവീനറായിരുന്ന ശോഭ പറഞ്ഞത്. ഇൗ ഫാക്ടറിയിൽനിന്നു വിരമിച്ചശേഷമാണ് ശോഭ സെന്റ്‌മേരീസിൽ താൽക്കാലിക തൊഴിലാളിയായത്. ഫാക്ടറിയിൽ കുടിവെള്ളമില്ലെന്ന പരാതി പറഞ്ഞപ്പോൾ, സ്വർണം കട്ട കാര്യം പറഞ്ഞ് എംഎൽഎ പറ്റിക്കേണ്ടെന്നും കോൺഗ്രസുകാരിയായ ശോഭ പറയുന്നുണ്ട്. പി സി വിഷ്‌ണുനാഥിനെ കശുവണ്ടിത്തൊഴിലാളി ഉത്തരംമുട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം പതിനായിരക്കണക്കിന് ആളുകൾ കണ്ടു. ഇതിൽ പ്രകോപിതരായ എംഎൽഎയും കോൺഗ്രസുകാരും കശുവണ്ടിത്തൊഴിലാളിക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.
അഭിപ്രായം പറഞ്ഞതിന് തന്നെ, എംഎൽഎയും കൂട്ടരും സിപിഐ എമ്മുകാരിയാക്കി പ്രചരിപ്പിക്കുന്നതിന് എതിരെയും ശോഭ പ്രതികരിച്ചു. ‘കോൺഗ്രസുകാരിയായ എന്നെ പി സി വിഷ്ണുനാഥ് എംഎൽഎ സിപിഐ എമ്മുകാരിയാക്കി. കശുവണ്ടി ഫാക്ടറിയിൽ താൻ 28 വർഷം ഐഎൻടിയുസി കൺവീനർ ആയിരുന്നു.
മകളുടെ കല്ല്യാണം കഴിഞ്ഞിട്ട് 28 വർഷമായി. മകൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം സീറ്റ് നൽകിയതിനാൽ മത്സരിച്ചു, അതവളുടെ കാര്യം. എ കെ ആന്റണിയുടെ മകൻ ബിജെപിയിൽ പോയതുകൊണ്ട് ആന്റണി ബിജെപിക്കാരനാകുമോ? കെ കരുണാകരന്റെ മകൾ ബിജെപിയിൽ പോയതുകൊണ്ട് കരുണാകരൻ ബിജെപിക്കാരനാകുമോ? മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുതെന്ന് എംഎൽഎയോട് അഭ്യർഥിക്കുന്നു’– ശോഭ പറഞ്ഞു. താനിന്നുവരെയും കോൺഗ്രസ് പ്രവർത്തകയാണ്. മാറി ചിന്തിക്കണമെന്നാണോ എംഎൽഎ ആഗ്രഹിക്കുന്നത്. ഇനി എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും ശോഭ പറഞ്ഞു.










0 comments