2.88 കോടിയുടെ വെർച്വൽ അറസ്റ്റ് തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

മട്ടാഞ്ചേരി
വെര്‍ച്വല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയില്‍നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പിടിയിലായി. മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ (50)യാണ് മഹാരാഷ്‌ട്രയിലെ ഗോൺഡിയയിൽനിന്ന് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.
മണി ലോണ്ടറിങ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാന്‍, ശിവ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തിരുന്നത്. വീട്ടമ്മയുടെ വാട്‌സാപ് നമ്പറിലേക്ക് സന്തോഷിന്റെ നമ്പറില്‍നിന്ന് വീഡിയോ കോള്‍ ചെയതായിരുന്നു തട്ടിപ്പ. വീട്ടമ്മയിൽ വിശ്വാസം ജനിപ്പിക്കാൻ കോടതിയും പൊലീസ് സ്റ്റേഷനും വ്യാജമായി ഒരുക്കി. ജൂലൈ 10 മുതല്‍ ആഗസ്‌ത് 11 വരെ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം തട്ടിയത്.
വീട്ടമ്മയുടെ പേരില്‍ മുംബൈ അക്കൗണ്ടില്‍ രണ്ട് കോടി രൂപയുണ്ടെന്നും ഇതില്‍ 25 ലക്ഷം രൂപ ഇവര്‍ക്കുള്ള കമീഷനാണെന്നും പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് വ്യാജ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റില്‍നിന്ന് മോചിപ്പിക്കാനാണ് പണം ആവശ്യപ്പെട്ടത്. പലതവണയായി ലക്ഷങ്ങള്‍ നല്‍കി. പിന്നീട് സ്വര്‍ണം പണയംവച്ചും പണം നല്‍കി. പിന്നീടാണ് തട്ടിപ്പിനിരയായതായി ഇവര്‍ മനസ്സിലാക്കിയത്. നാലുപേര്‍കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പില്‍ മലയാളികള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.









0 comments