നൊമ്പരമായി വിപഞ്ചിക; സംസ്കാരം ഇന്ന്

Vipanjika daughter death
വെബ് ഡെസ്ക്

Published on Jul 23, 2025, 03:22 PM | 1 min read

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഷാര്‍ജയിൽനിന്നും വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ സംസ്കാരം നടത്തും. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമാകും മൃതദേഹം സംസ്കരിക്കുക. ഷാർജയിലായിരുന്ന വിപഞ്ചികയുടെ സഹോദരൻ വിനോദ്, അമ്മ ഷൈലജ എന്നിവരും നാട്ടിലെത്തി.


ജൂലൈ 9നാണ് കേരളപുരം പൂട്ടാണിമുക്ക് രജിതഭവനിൽ വിപഞ്ചിക (33), മകൾ വൈഭവി(ഒന്നര) എന്നിവർ ഷാർജയിൽ മരിച്ചത്‌. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പൊലീസ് നടപടികൾക്കായി രക്തബന്ധത്തിൽപെട്ടവർ ഹാജരാകണമെന്ന്‌ അറബ് എമിറേറ്റ്സ് നിയമത്തിന്റെ അടിസ്ഥാനത്തിൽ അമ്മ ഷൈലജയും ബന്ധുവും സഹോദരൻ വിനോദും ഷാർജയിലെത്തുകയായിരുന്നു.


ഇന്ത്യൻ കോൺസുലേറ്റുമായി നടത്തിയ ചർച്ചയിൽ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ ഇരുകൂട്ടരും ധാരണയായി. ജൂലൈ 17ന് ദുബായ് ജബൽ അലി ന്യൂ സോണാപൂരിലെ പൊതു ശ്മശാനത്തിൽ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ‌


2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിധീഷുമായുള്ള വിവാഹം. ഭർത്താവ് നിധീഷ് വിപഞ്ചികയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായാണ് വിവരം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും, സ്ത്രീധനം നൽകിയില്ലെന്നും ആരോപിച്ച് നിധീഷ് പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചതിന് ശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്.


സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും അതാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും വിപഞ്ചികയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭർതൃപിതാവ് എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. കുണ്ടറ പൊലീസ് ആണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. കേസ് സംസ്ഥാന ക്രൈ ബ്രാഞ്ചിന് കൈമാറും.





deshabhimani section

Related News

View More
0 comments
Sort by

Home