നവാസ് നെഞ്ചുവേദന തോന്നി ഡോക്ടറെ വിളിച്ചിരുന്നു, ഷൂട്ട് തടസപ്പെടാതിരിക്കാൻ സെറ്റിൽ തുടരുകയായിരുന്നു എന്ന് വിനോദ് കോവൂർ

അന്തരിച്ച നടൻ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ. ഇതിനെ തുടർന്ന് ഡോക്ടറെ വിളിച്ച് സംസാരിക്കയും ചെയ്തു. ഷൂട്ടിങ്ങ് മുടങ്ങരുത് എന്ന് കരുതി ആശുപത്രിയിൽ പോവാതെ അഭിനയ ജോലി തുടരുകയായിരുന്നു എന്നും വിനോദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവാം. അതിനുമുമ്പ് 'രംഗ ബോധമില്ലാത്ത കോമാളിയായി മരണം വന്ന് ജീവന്‍ തട്ടിയെടുത്തു'വെന്നും വിനോദ് കുറിച്ചു. ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ എന്ന് സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് പറഞ്ഞാണ് വിനോദ് നെഞ്ചുവേദന വന്ന കാര്യം വ്യക്തമാക്കുന്നത്.
വിനോദ് കോവൂർ
വിനോദ് കോവൂരിന്റെ കുറിപ്പ്
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കൾ: നഹ്‌റിൻ, റിദ്‌വാൻ, റിഹാൻ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും നടനാണ്.









0 comments