ad
Deshabhimani

ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു

Arrest
വെബ് ഡെസ്ക്

Published on Sep 10, 2025, 06:55 PM | 1 min read

തിരുവനന്തപുരം:വിജിലൻസ് കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു.ആലപ്പുഴ കുന്നുമ്മ വില്ലേജ് ഓഫീസിൽ 2001 കാലയളവിൽ വില്ലേജ് ഓഫീസറായിരുന്ന ലൂക്കോസ് ജോസഫ് കുന്നുമ്മ സ്വദേശിയായ പരാതിക്കാരന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് 250/- രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നു.



ആലപ്പുഴ വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതി 2008 ൽ ലൂക്കോസ് ജോസഫിനെ വിവിധ വകുപ്പുകളിലായി 5 വർഷം കഠിന തടവിനും 7,500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ലൂക്കോസ് ജോസഫ് ഹൈക്കോടതിയിൽ അപ്പീൽ പോകുകയും ഹൈക്കോടതി ശിക്ഷയിൽ ഇളവ് വരുത്തി ഒരു വർഷം കഠിന തടവിനും 17,500 രൂപ പിഴ ഒടുക്കുന്നതിനും, കോടതിയിൽ കീഴടങ്ങുന്നതിനും ഉത്തരവായിരുന്നുവെങ്കിലും പ്രതി കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു.


ഒളിവിൽ കഴിഞ്ഞിരുന്ന ലൂക്കോസ് ജോസഫിനെ ചങ്ങനാശ്ശേരിയിലെ സ്വന്തം വീട്ടിൽ നിന്നും പത്താം തീയതി രാവിലെ 09.00 മണിക്ക് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home