ആടിയ ശിഷ്ടം നെയ് വിൽപ്പന: 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ് വിൽപ്പനയിൽ 2025 നവംബർ 16 മുതൽ ഡിസംബർ 31 വരെ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കാൻ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച നിർദേശിച്ചു.
നെയ് വിൽപ്പനയിൽ ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമീഷണർ ഫയൽ ചെയ്ത റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയ എടുത്ത ഹർജിയാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി എച്ച് മഹേഷ് അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരായി.
കേസിൽ ആകെ 33 പ്രതികളുള്ളതിൽ 30 പേരും ശാന്തിക്കാരാണ്. മൂന്നുപേർ ക്ഷേത്രം സ്പെഷ്യൽ ഓഫീസർമാരും. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ അക്കൗണ്ടിങ് സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. കേസ് 27ന് വീണ്ടും പരിഗണിക്കും.










0 comments