‘ഓപ്പറേഷൻ എർത്ത് ഗാർഡു’മായി വിജിലൻസ്; മണ്ണ് മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ പരിശോധന

‘ഓപ്പറേഷൻ എർത്ത് ഗാർഡ്’ മിന്നൽ പരിശോധനയില്‍ നിന്നും
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’ എന്ന പേരിൽ ഇന്ന് രാവിലെ 10.30 മുതലാണ് മിന്നൽ പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. ഇതിന് പുറമെ അനധികൃത മണ്ണ് നീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും വിജിലൻസ് സംഘം പരിശോധന നടത്തി വരികയാണ്.
കെട്ടിട നിർമ്മാണത്തിന്റെയും വീട് വെയ്ക്കുന്നതിന്റെയും പേരിൽ ഡെവലപ്‌മെന്റ് പെർമിറ്റും മൈനിംഗ് വകുപ്പിൽ നിന്ന് ട്രാൻസിറ്റ് പാസുകളും കൈക്കലാക്കിയ ശേഷം ഇവ ദുരുപയോഗം ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തി. അനുവദനീയമായ പരിധിയിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുക, കുന്നുകളും മലകളും ഇടിച്ച് നിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും മനപ്പൂർവ്വം വിട്ടുനിൽക്കുന്നത് വഴി സർക്കാരിന് റോയൽറ്റി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറുകളായ 1064, 8592900900 ലോ വാട്സ്ആപ്പ് നമ്പറായ 9447789100 എന്നിവയിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.










0 comments