കോഴിക്കോട് മൂന്നിടത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് നിർമ്മിതി കേന്ദ്രം, കോഴിക്കോട് ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ഇ ടെൻഡർ ഇല്ലാതെ സ്വകാര്യ ഏജൻസിയിൽ നിന്ന് മരുന്നുകളും, ഗുണനിലവാരമില്ലാത്ത ഫർണിച്ചറുകളും വാങ്ങിയിരുന്നു. അന്നത്തെ മെഡിക്കൽ ഓഫീസർക്കും ക്ലാർക്കിനും ഇതിൽ പങ്കുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയത്.
രാവിലെ 10.45 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന വൈകിയും തുടർന്നു. മിന്നൽ പരിശോധനയിൽ ഇ ടെൻഡർ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.
Related News
ജനറൽ ഹോസ്പിറ്റലിലെ ഒരു ഹാൾ കോഴിക്കോട് നിർമ്മിതി കേന്ദ്രം നവീകരിച്ചതിൽ ക്രമക്കേട് ഉണ്ടെന്നും, നവീകരിച്ചതിന്റെ രേഖകൾ ഓഡിറ്റിംഗിനായി സമർപ്പിച്ചില്ലെന്നും വിജിലൻസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ടിടത്തും പരിശോധന നടത്തിയത്. രാവിലെ 11.00 ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 02.30 മണി വരെ നീണ്ടു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.









0 comments