ad
Deshabhimani

യുഡിഎഫ് കാലത്തെ കൊടിമരക്കൊള്ളയിൽ അന്വേഷണം തുടങ്ങി; സ്വർണം കട്ടതിൽ കോൺ​ഗ്രസിന് നെഞ്ചിടിപ്പ്

Vaji vahanam
വെബ് ഡെസ്ക്

Published on Feb 10, 2026, 08:49 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഭരണസമിതി 2017-ൽ ശബരിമലയിൽ നടത്തിയ കൊടിമരക്കൊള്ളയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണസംഘം രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിറക്കി. സ്വർണക്കൊടിമരം നിർമിക്കാനെന്ന പേരിൽ പലരിൽ നിന്നായി വൻതുകയും സ്വർണവും പിരിച്ചെടുത്തതിലും കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയതിലും ഉൾപ്പെടെ അന്വേഷണമുണ്ടാകും. അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്‌ഠര്‌ രാജീവരെയും ചോദ്യം ചെയ്യാനും നീക്കമുണ്ട്‌. ഗൂഢാലോചന വ്യക്തമായാൽ ഇരുവരെയും പ്രതിചേർക്കും.


കൊടിമരം മാറ്റിസ്ഥാപിച്ചതിലൂടെ സ്വർണവും പണവും ദുരുപയോഗിച്ചെന്ന് ദേവസ്വം വിജിലൻസിസും എസ്ഐടിയും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന്‌ ഹെെക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. കൊടിമരം പുനർനിർമാണത്തിന്റെ 2016 മുതലുള്ള രേഖകൾ വിജിലൻസ്‌ സംഘം അന്വേഷിച്ച്‌ റിപ്പോർട്ട്‌ വിജിലൻസ് ഡയറക്‌ടർക്ക്‌ കൈമാറണം. ത്വരിത പരിശോധന നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.


ഭരണസമിതി പ്രസിഡന്റ്‌ പ്രയാർ ഗോപാലകൃഷ്‌ണൻ, കോൺഗ്രസ് നേതാവും ബോർഡംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമരം മാറ്റുമ്പോൾ പഴയ കൊടിമരത്തിലെ സ്വർണവും വിലപ്പെട്ട വസ്‌തുക്കളും സൂക്ഷിക്കണമെന്ന കോടതി നിർദേശം പാലിച്ചില്ല. കൊടിമരത്തിനായി 2017 മാർച്ച് 22ന് കസ്റ്റംസിൽനിന്ന് 9.161 കിലോ സ്വർണം വാങ്ങിയിരുന്നു. വിശ്വാസികൾ സംഭാവനയായി 412.010 ഗ്രാം സ്വർണം നൽകി. ഇതടക്കം 9573.010 ഗ്രാം സ്വർണം ലഭിച്ചു. 9340.200 ഗ്രാമാണ് പുതിയതിൽ ഉപയോഗിച്ചത്. ബാക്കി 232.81 ഗ്രാം സ്വർണം കണ്ടെത്തിയിട്ടില്ല.


ഒരു അഭിനേതാവിൽനിന്നുൾപ്പെടെ സ്വർണബിസ്‌കറ്റടക്കം സംഭാവനയായി 326.440 ഗ്രാം സ്വർണം ലഭിച്ചതായി പറയുന്നു. എന്നാൽ, വ്യക്തിഗത സംഭാവനകൾക്ക് രസീത് നൽകിയിട്ടില്ല. സ്വർണം കെെകാര്യംചെയ്‌തതിൽ ഗുരുതര ചട്ടലംഘനമുണ്ട്‌. മക്ഡവൽ ഗ്രൂപ്പ് നേരത്തേ സ്വർണം പൊതിഞ്ഞ കൊടിമരമാണ് 2017ൽ പൊളിച്ചുപണിതത്. ഹൈദരാബാദ് ഫീനിക്‌സ്‌ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന്റെ ചെലവിൽ പുനർനിർമിക്കാനായിരുന്നു തീരുമാനം. 3,20,30,000 രൂപയാണ്‌ ചെലവ്‌ കണക്കാക്കിയത്‌. സംഭാവന സ്വീകരിക്കാൻ പത്തനംതിട്ട ധനലക്ഷ്‌മി ബാങ്കിൽ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസറുടെ പേരിൽ അക്കൗണ്ടും തുറന്നിരുന്നുവെന്നും ദേവസ്വം വിജിലൻസ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home