സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

vigilance
വെബ് ഡെസ്ക്

Published on Jun 10, 2025, 10:48 PM | 3 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ വെറ്റിലപ്പാറ വില്ലേജ് ഓഫീസിലാണ് ഇന്ന് പരിശോധന നടത്തിയത്. 2024ലെ പാർലമെന്റ് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾക്ക് വ്യാജ വൗച്ചറുകൾ ഉണ്ടാക്കി അധിക തുക കൈപ്പറ്റിയതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.


ഈ പരാതി പരിശോധിക്കുന്നതിനായി വിജിലൻസ് ഇന്ന് വെറ്റിലപ്പാറ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി. രാവിലെ 10.15ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 4ന് അവസാനിച്ചു. മിന്നൽ പരിശോധനയിൽ 2024 വർഷത്തെ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് വിവിധ ആവശ്യങ്ങൾ കാണിച്ച് വ്യാജ ബില്ലുകളിലും, വൗച്ചറുകളിലും അധിക തുക മാറിയെടുത്തിട്ടുള്ളതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം തുടരുമെന്ന് വിജിലൻസ് അറിയിച്ചു.


കാസർകോട് ജില്ലയിൽ സ്പോർട്സ് കൗൺസിൽ ഓഫീസിലാണ് മറ്റൊരു പരിശോധന നടന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ 2021-22 ലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 1.5 കോടി രൂപ ചെലവഴിച്ച് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർമിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷന് കൈമാറിയ സെമി ഒളിമ്പിക് നീന്തൽക്കുളം, നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമുള്ള ക്രമക്കേടുകൾ കാരണം അടച്ചുപൂട്ടിയെന്ന് ആരോപിച്ച് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽ പൂളിന്റെ നിർമാണം 2023 ഡിസംബറിൽ പൂർത്തിയാക്കിയതായും, പ്രവർത്തനം ആരംഭിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷനു കൈമാറിയതായും, പൂൾ നിലവിൽ പ്രവർത്തന രഹിതമാണെന്നും വിവരം ലഭിച്ചിരുന്നു. പൂൾ ഡെക്കിലും ഷവർ നോബുകളിലും തുടർച്ചയായ വൈദ്യുതാഘാതങ്ങൾ ഉണ്ടാകുകയും മോട്ടറുകൾ തുടർച്ചയായി പ്രവർത്തന രഹിതമാകുകയും ചെയ്തിരുന്നു. ഈ വിവരം നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാ നിർമ്മിതി കേന്ദ്രത്തെ അറിയിച്ചിരുന്നതായും തുടർന്നുള്ള പരിശോധനയിൽ വയറിങ് സംവിധാനം അനുചിതമായും അപകടകരമായും നടത്തിയതായി കണ്ടെത്തി. കൂടാതെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് നടത്തിയ പരിശോധനയിൽ നീന്തൽക്കുളത്തിൽ വയറിങ്ങുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു.


2024 സെപ്തംബർ 13 മുതൽ കെഎസ്ഇബി വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രം മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ കമ്പനിയെ കൊണ്ടാണ് സ്വിമ്മിങ് പൂൾ നിർമിച്ചത്. ഇത് പരിശോധിക്കുന്നതിനായാണ് വിജിലൻസ് ഇന്ന് സ്പോർട്സ് കൗൺസിൽ ഓഫീസിലും നീന്തൽ കുളത്തിലും മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ നിലവാരമില്ലാത്ത രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും സ്വിമ്മിങ് പൂളിന്റെ മുകൾഭാഗം ശരിയായ രീതിയിൽ നിർമിക്കാത്തതുകൊണ്ട് സ്കിമ്മിംഗ് പ്രക്രിയ നടക്കുന്നില്ലായെന്നും, മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലായെന്നും പ്രാഥമികമായി കണ്ടെത്തി.


കാസർഗോഡ് ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്തിലെ ഉപ്പളയിലുള്ള പഞ്ചായത്ത് മത്സ്യ മാർക്കറ്റ് 2018-19 വർഷം വരെ ലേലം വിളിച്ച് നടത്തിപ്പിനായി നൽകിയിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ മൽസ്യ മാർക്കറ്റ് ലേലം നടത്തി നൽകുന്നില്ലായെന്നും, ലേലം വിളിച്ച് നൽകാത്തത് മത്സ്യ മാർക്കറ്റിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു കൊണ്ടാണെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും മാർക്കറ്റ് ഇപ്പോഴും പഴയതുപോലെ തന്നെ കൃത്യമായി പ്രവർത്തിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. 2018-19 വർഷത്തിനു ശേഷം മാർക്കറ്റ് ലേലം ചെയ്യാത്തതു വഴി പഞ്ചായത്തിന് വൻ തുക ഈ ഇനത്തിൽ നഷ്ടപ്പെടുന്നതായും ആരോപണമുണ്ടായിരുന്നു. തുടർന്നാണ് മംഗൽപാടി ഗ്രാമ പഞ്ചായത്തിലും ഉപ്പള മത്സ്യ മാർക്കറ്റിലും മിന്നൽ പരിശോധന നടത്തിയത്. മത്സ്യ മാർക്കറ്റിന്റെ നടത്തിപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലേലം കൂടാതെ നൽകുന്നതായി വിജിലൻസ് കണ്ടെത്തി.


തൃശ്ശൂർ ഒളരിയിലെ ലീഗൽ മെട്രോളജി ഭവനിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത തുക പിടിച്ചെടുത്തു. ഡെപ്യൂട്ടി കൺട്രോളറും മറ്റ് ചില ഉദ്യോഗസ്ഥരും പെട്രോൾ പമ്പുകളുടെ വാർഷിക സ്റ്റാമ്പിങ് നടത്തുന്നതിനായി പമ്പ് ഉടമകളിൽ നിന്നും ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ പെട്രോൾ പമ്പുകളിൽ എത്തുകയും, മെഷീൻ കമ്പനികളുടെ ടെക്നിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ സ്റ്റാമ്പിങ് പൂർത്തീകരിക്കുകയും ചെയ്യും. തുടർന്ന് പരിശോധന അവസാനിക്കുമ്പോൾ ഏജന്റായ ടാക്സി ഡ്രൈവർ പമ്പുകളുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി വാങ്ങുന്നതായും വൈകിട്ട് ഓഫീസിൽ തിരിച്ചെത്തുന്ന സമയം ടാക്സി ഡ്രൈവർ പമ്പുകളിൽ നിന്നും കൈപ്പറ്റുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥർക്ക് കൈമാറുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് കൺട്രോളർ, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ്, ഡെപ്യൂട്ടി കൺട്രോളറുടെ കാർ ഡ്രൈവർ, അസിസ്റ്റന്റ് കൺട്രോളറുടെ കൂടെ ഉണ്ടായിരുന്ന ടെക്‌നിഷ്യൻ എന്നിവരുടെ കയ്യിൽ നിന്നും കണക്കിൽപ്പെടാത്ത തുക വിജിലൻസ് പിടിച്ചെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home