സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കൊല്ലം/ തൃശൂർ/ കാസർകോട് : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ കൊട്ടാരക്കര മണികണ്ഠേശ്വര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വിൽപ്പനയിൽ ക്രമക്കേട് നടക്കുന്നതായും മതിയായ രസീതുകൾ കൊടുക്കാതെ ഉണ്ണിയപ്പം വിതരണം നടത്തി പൈസ വാങ്ങുന്നതായും നിലവാരമില്ലാത്ത ഉണ്ണിയപ്പം തയാറാക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. രാവിലെ 08.30ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 4ന് അവസാനിച്ചു. മിന്നൽ പരിശോധനയിൽ പ്രസാദ കൗണ്ടർ മുഖേന രസീത് എടുക്കാതെ നേരിട്ട് പൈസ വാങ്ങി ഉണ്ണിയപ്പം വിതരണം നടത്തിയത് കണ്ടെത്തുകയും പ്രസാദവിതരണ കൗണ്ടറിൽ നിന്നും കണക്കിൽപ്പെടാത്ത 12,300 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
തൃശ്ശൂർ ആർടി ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഫിറ്റ്നെസ് ടെസ്റ്റ്, മറ്റ് ഓഫീസ് സേവനങ്ങൾ എന്നിവയ്ക്കായി വരുന്ന അപേക്ഷകരിൽ നിന്നും ഓഫീസ് പരിസരത്ത് കാണുന്ന ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തൃശ്ശൂർ ആർടി ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്.
കാസർകോട് കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിലും 4 ഡ്രൈവിങ് സ്കൂളുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവിങ് സ്കൂളുകൾക്ക് ആവശ്യമായ ക്ലാസ് മുറികളും പാർക്കിങ് ഏരിയയും ഉൾപ്പെടെയുള്ള കെട്ടിടം സ്വന്തമായോ, വാടകയ്ക്കോ ഡ്രൈവിങ് സ്കൂൾ ഉടമസ്ഥന്റെ പേരിലുണ്ടായിരിക്കണമെന്നും, പഠിതാക്കൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നതിനാവശ്യമായ വാഹനങ്ങൾ അതത് മോട്ടോർ ഡ്രൈവിങ് സ്കൂളുകളുടെ ഉടമസ്ഥന്റെ പേരിലായിരിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായും, ഡ്രൈവിങ് സ്കൂൾ നടത്തുന്നതിന് സാധുവായ ലൈസൻസ് ഇല്ലാത്തവരും ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിലും സബ് ആർടി ഓഫീസ് പരിധിയിൽ വരുന്ന 4 ഡ്രൈവിങ് സ്കൂളുകളിലും മിന്നൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ ഡ്രൈവിങ് സ്കൂളുകൾ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം അറിയിച്ചു.









0 comments