റോഡ് പണിയുടെ ബില്ല് മാറുന്നതിന് കൈക്കൂലി: 3 പിഡബ്ല്യുഡി ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

പാലക്കാട് : പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ മാറുന്നതിന് കൈക്കൂലി വാങ്ങിയതിന് പാലക്കാട് പിഡബ്ല്യുഡി റോഡ്‌സ് ഡിവിഷൻ ഓഫീസിലെ മൂന്ന് പേർ പിടിയിൽ. ഡിവിഷണൽ അക്കൗണ്ടന്റ് സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് രമണി, പിഡബ്ല്യുഡി ക്വാളിറ്റി കൺട്രോൾ ലാബിലെ അസിസ്റ്റന്റ് എൻജിനിയർ ശശിധരൻ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ "സ്പോട്ട് ട്രാപ്പ്’ ഭാഗമായി വിജിലൻസ് പാലക്കാട് യൂണിറ്റ് നടത്തിയ നടപടിയിലാണ് 2,000- രൂപ വീതം കൈക്കൂലിയുമായി ഇവരെ പിടികൂടിയത്. എലവഞ്ചേരി സ്വദേശിയും പിഡബ്ല്യുഡി എ -ക്ലാസ്സ് കോൺട്രാക്ടറുടെ സൂപ്പർവൈസറുമായ വ്യക്തി നൽകിയ പരാതിയിലാണ് നടപടി. വ്യാഴം പകൽ മൂന്നിന് ശശിധരനെ പരാതിക്കാരനിൽനിന്നും കൈക്കൂലി വാങ്ങവേ വിക്ടോറിയ കോളേജിന് സമീപം കാറിൽവച്ചും തുടർന്ന് സാലുദ്ദീൻ, രമണി എന്നിവരെ കൈക്കൂലി വാങ്ങവേ പാലക്കാട് പിഡബ്ല്യുഡി റോഡ്‌സ് ഡിവിഷൻ ഓഫീസിൽവച്ചുമാണ് പിടികൂടിയത്.
ശശിധരൻ മുമ്പ് പരാതിക്കാരനിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയതായി അധികൃതർ പറഞ്ഞു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ സംസ്ഥാനത്ത് ജനുവരി മുതൽ വ്യാഴം വരെ നടത്തിയ പരിശോധനകളിൽ 43 പേരെ 30 കേസുകളിലായി വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 16 പേർ റവന്യൂ ജീവനക്കാരാണ്. അഞ്ചുപേർ തദ്ദേശ സ്വയംഭരണ വകുപ്പ്, നാലുപേർ പൊലീസ് സേന, മൂന്നുപേർ പൊതുമരാമത്ത് വകുപ്പ്, രണ്ടുപേർ വനം വകുപ്പ് ജീവനക്കാരുമാണ്. വാട്ടർ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽനിന്ന് ഓരോരുത്തരും, ഒരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജരും, മറ്റൊരാൾ പൊതുമേഖലാ കൺകറണ്ട് ഓഡിറ്ററുമാണ്. കൂടാതെ നാല് ഏജന്റുമാരെയും സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാലുപേരെയും അറസ്റ്റ് ചെയ്തു.









0 comments