ആലുവ ജോയിന്റ് ആർടി ഓഫീസിലെ മുൻ ഉദ്യോഗസ്ഥനും ഏജന്റിനുമെതിരെ വിജിലൻസ് കേസ്

ആലുവ : ആലുവ ജോയിന്റ് ആർടി ഓഫീസിലെ മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഏജന്റിനുമെതിരെ വിജിലൻസ് കേസ്. ഓഫീസിലെ ചില ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിങ് ടെസ്റ്റിന്റെ അപേക്ഷകരിൽ നിന്നും എജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ആലുവ പാലസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ആലുവ ജോയിന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന താഹിറുദ്ദീൻ ഏജന്റായ മജീദ് വി ഡിയുടെ കയ്യിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങുന്നത് വിജിലൻസ് പിടികൂടിയിരുന്നു.
അപേക്ഷകരിൽ നിന്നും പിരിച്ച് എടുത്ത കൈക്കൂലി പണമാണിതെന്ന് വിജിലൻസ് നടത്തിയ വിശദ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആലുവ ജോയിന്റ് ആർടി ഓഫീസിലെ മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന താഹിറുദ്ദീനും ഓട്ടോ കൺസൾട്ടന്റും ഏജന്റുമായിരുന്ന എറണാകുളം തോട്ടക്കാട്ടുകര സ്വദേശി മജീദ് വി ഡിക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
0 comments